മമതാ ബാനർജിയുടെ വിശ്വസ്തരും വിമതപക്ഷത്ത്; തൃണമൂൽ എംപിമാർ ഒപ്പിട്ട കത്ത് പുറത്ത്

മമതാ ബാനർജി (Photo: NDTV)
കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിക്ക് അടിപതറുന്നു. വിശ്വസ്തർ വിമതപക്ഷത്തിലേയ്ക്ക് നീങ്ങുന്നതാണ് മമതയ്ക്ക് തിരിച്ചടിയാകുന്നത്. വിമതരായി തൃണമൂൽ എംപിമാർ ഒപ്പിട്ട കത്ത് പുറത്ത് വന്നു. ശതാബ്ദി റോയ്, സായോനി ഘോഷ് എന്നിവരെപ്പോലെ മുൻപ് മുൻ മുഖ്യമന്ത്രിയുടെ ഉറച്ച അനുയായികളായിരുന്നവർ ഉൾപ്പെടെ മൊത്തം 19 തൃണമൂൽ എംപിമാർ ഒപ്പിട്ട കത്ത് ആണ് പുറത്ത് വന്നത്. കകോലി ഘോഷ് ദസ്തിദാർ, ശതാബ്ദി റോയ്, ജൂൺ മാലിയ, യൂസഫ് പഠാൻ വിമതരായി ഒപ്പ് വെച്ചവരിൽ ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് മമതക്കെതിരെ പാർടിക്ക് അകത്ത് കലാപക്കൊടി ഉയർന്നത്. ഒരു തൃണമൂൽ നേതാവ് കൂടി ഉടൻ തന്നെ വിമതനായി ഒപ്പുവെയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിൽ 15 വർഷമായി ഭരിച്ചുവന്നിരുന്ന മമതാ സർക്കാര്‍ പരാജയപ്പെട്ടതോടെയാണ് മമത പാർടിയെ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ അതൃപ്തി ഉയർന്നുവന്നത്. അടിത്തട്ടിലെ രാഷ്ട്രീയ യാഥാർഥ്യം മമത തിരിച്ചറിഞ്ഞില്ലെന്നും ഇതാണ് പാർടിയെ നാമാവശേഷമാക്കിയതെന്നുമാണ് ഉയരുന്ന ആരോപണങ്ങൾ. തൃണമൂൽ പാർടിയുടെ നാഷണൽ ജനറൽ സെക്രട്ടറിയും രണ്ടാം സ്ഥാനക്കാരനുമായ അഭിഷേക് ബാനർജിക്ക് അമിത അധികാരം നൽകിയതിലും വിമതർ അതൃപ്തി അറിയിച്ചിട്ടുണ്ട്. പുറത്താക്കണമെന്നാണ് ആവശ്യം.
എന്നാൽ തൃണമൂലിനെ മുൻപോട്ട് നയിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന അഭിഷേക് ബാനർജിയെ ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടാണ് മമതയും കൈകൊള്ളുന്നത്. ഇത് വിമതരുടെ അതൃപ്തിയെ ഇരട്ടിപ്പിച്ചു. 2009 മുതൽ മമതാ ബാനർജിക്കൊപ്പമുള്ള നാല് തവണ എംപിയായ ശതാബ്ദി റോയിയെയും ഇക്കാരണം തന്നെയാണ് ചൊടിപ്പിച്ചതെന്നാണ് വിവരം. 'ദീദി' എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന മുൻ മുഖ്യമന്ത്രി മാറിപ്പോയെന്നും, ആ മാറ്റത്തിന്റെ ആഴമാണ് ബിജെപിയെ പിന്തുണയ്ക്കാൻ തന്നെ നിർബന്ധിതയാക്കിയതെന്നും അവർ എൻഡിടിവിയോട് പ്രതികരിച്ചു.
"ഞങ്ങളുടെ ശബ്ദം ആരും കേൾക്കാത്തതിനാലാണ് ഞാൻ പാർട്ടി വിടുന്നത്. എനിക്ക് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം. എന്നാൽ ആരും ഞങ്ങളെ കേട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ചില ആളുകൾക്ക് മാത്രമാണ് മമതാ ബാനർജിയെ കാണാൻ അനുവാദമുണ്ടായിരുന്നത്," ശതാബ്ദി റോയ് ആരോപിച്ചു. പാർടിയിലെ അഴിമതിയെ കുറിച്ചും അവർ വെളിപ്പെടുത്തി. വ്യാഴാഴ്ച മുതിർന്ന നേതാവ് കല്യാൺ ബാനർജി, അഭിഷേക് ബാനർജിക്കെതിരെ ആഞ്ഞടിച്ചതോടെ തൃണമൂലിനുള്ളിലെ ഭിന്നതയുടെ ആഴത്തിന്റെ ചിത്രം പുറത്ത് വന്നു.
വ്യാജരേഖ ചമയ്ക്കൽ കേസിൽ ക്രിമിനൽ അന്വേഷണം നേരിടുന്ന അഭിഷേക് ബാനർജി, തന്റെ അഭിഭാഷക സ്ഥാനത്തുനിന്ന് കല്യാൺ ബാനർജിയെ മാറ്റിയെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു ഈ പൊട്ടിത്തെറി. രണ്ടാമതൊരു ഹർജി ഫയൽ ചെയ്തപ്പോഴാണ് തന്നെ മാറ്റിയ വിവരം താൻ അറിഞ്ഞതെന്ന് കല്യാൺ ബാനർജി മാധ്യമങ്ങളോട് പ്രതികരിച്ചു. അഭിഷേക് ബാനർജിയെ മാറ്റാതെ പാർടിയിൽ തുടരാൻ കഴിയില്ലെന്ന ഉറച്ച നിലപാടാണ് കല്യാൺ ബാനർജി സ്വീകരിച്ചത്. ഭാവിയിൽ വിമതപക്ഷം ബിജെപിയിൽ ചേർന്നേയ്ക്കുമെന്നാണ് സൂചന. മറ്റൊരു പാർടിക്ക് രൂപം നൽകിയേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർടുകളുമുണ്ട്.










0 comments