ad
Deshabhimani

print edition എൻഡിആർഎഫിലെ 6117.97 കോടി വിനിയോഗിച്ചില്ല; സഹായധനം പിടിച്ചുവച്ച് കേന്ദ്രം

ndrf

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 20, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ​പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനുള്ള അടിയന്തര നടപടികൾക്ക്‌ സാന്പത്തിക സഹായം നൽകുന്നതിനുള്ള ദേശീയ ദുരന്ത പ്രതികരണ നിധിയിലെ (എൻഡിആർഎഫ്‌) പകുതി -തുകപോലും കേന്ദ്രസർക്കാർ വിനിയോഗിച്ചിട്ടില്ലെന്ന്‌ കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി).


സംസ്ഥാന ദുരന്ത പ്രതികരണ നിധികളിലേക്ക്‌ കൈമാറേണ്ട 53 ശതമാനത്തിലധികം ഫണ്ടും വിനിയോഗിച്ചിട്ടില്ലെന്ന്‌ 2024–2025ലെ കേന്ദ്രസർക്കാർ അക്ക‍ൗണ്ടുകൾ പരിശോധിച്ച്‌ പാർലമെന്റിന്റെ പരിഗണനയ്ക്കായി സമർപ്പിച്ച റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടി.


സംസ്ഥാനങ്ങളിലെ തീവ്രസ്വഭാവമുള്ള ദുരന്തങ്ങളെ നേരിടാൻ എൻഡിആർഎഫിന്‌ അനുവദിച്ച 11,474 കോടി രൂപയിൽ 5,356 കോടി മാത്രമാണ്‌ വിതരണം ചെയ്‌തത്‌. ബാക്കി 6,117.97 കോടി രൂപ സിഎജി റിപ്പോർട്ടിൽ ‘സേവിങ്‌സ്‌’ എന്ന തലക്കെട്ടിന്‌ കീഴിലാണ്‌ ലിസ്റ്റ്‌ ചെയ്‌തിട്ടുള്ളത്‌.


കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പ്രകൃതിദുരന്ത നിവാരണങ്ങൾക്ക്‌ മതിയായ സഹായം കേന്ദ്രസർക്കാരിൽനിന്ന്‌ ലഭിക്കുന്നില്ലെന്ന വിമർശനമുയരുന്പോഴാണ്‌ എൻഡിആർഎഫ്‌ ഫണ്ടിലെ പകുതിപോലും വിനിയോഗിച്ചിട്ടില്ലെന്ന സിഎജി റിപ്പോർട്ട്‌ പുറത്തുവന്നത്‌. ദേശീയ ദുരന്ത ലഘൂകരണ നിധിയിൽ (എൻഡിഎംഎഫ്‌) വകയിരുത്തിയ തുകയിൽ 75 ശതമാനവും പ്രത്യേക സഹായങ്ങൾക്കായി വകയിരുത്തിയ തുകയിൽ 83 ശതമാനത്തിലധികവും സംസ്ഥാനങ്ങൾക്ക്‌ കൈമാറിയിട്ടില്ല.


എൻഡിഎംഎഫിന്‌ വകയിരുത്തിയ 2,868 കോടിയിൽ 719.72 കോടി മാത്രമാണ്‌ കൈമാറിയത്‌. പ്രത്യേക സഹായങ്ങൾക്കായി 20,000 കോടി അനുവദിച്ചെങ്കിലും 3,350 കോടി മാത്രമാണ്‌ ചെലവിട്ടത്‌. ‘പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള മുൻകൂർ സഹായവായ്‌പ’യ്ക്കായി വകയിരുത്തിയ 100 കോടിയിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.


ഓരോവർഷവും വൻതുക വിനിയോഗിക്കപ്പെടാത്ത കാര്യം തുടർച്ചയായി ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു തിരുത്തൽ നടപടികൾ ഉണ്ടായിട്ടില്ല. 2024ൽ വയനാട്ടിൽ ദുരന്തമുണ്ടായപ്പോൾ പുനർനിർമാണപ്രവർത്തനങ്ങൾക്കായി എൽഡിഎഫ്‌ സർക്കാർ 2221 കോടിയുടെ സഹായമാണ്‌ കേന്ദ്രസർക്കാരിൽനിന്നും ആവശ്യപ്പെട്ടത്‌. എന്നാൽ,‍ 260 കോടി മാത്രമാണ്‌ അനുവദിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home