ആരും വല്യേട്ടനാകേണ്ടെന്ന് ബിജെപി , കൂടുതൽ സീറ്റ് വേണമെന്ന് ചിരാഗ് പസ്വാൻ
എൻഡിഎ സീറ്റ് വിഭജനം കീറാമുട്ടി ; നിതീഷിനെ വിഴുങ്ങാന്‍ ബിജെപി


എം അഖിൽ
Published on Oct 08, 2025, 03:07 AM | 2 min read
ന്യൂഡൽഹി
ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സീറ്റ് പങ്കിടലിൽ അന്തിമധാരണയിലെത്താനാകാതെ എൻഡിഎ. എത്ര സീറ്റിൽ മത്സരിക്കണമെന്നതിൽ മുന്നണിയിലെ പ്രബലരായ ബിജെപിയും ജെഡിയുവും തമ്മിൽ തർക്കം മുറുകി. 2020ൽ ജെഡിയു 115 സീറ്റിലും ബിജെപി 110 സീറ്റിലുമാണ് മത്സരിച്ചത്. ഇക്കുറി മുന്നണിയിൽ ആരും ‘വല്യേട്ട’നാകേണ്ടെന്നാണ് ബിജെപി പക്ഷം. ഇരുപാർടിയും തുല്യം സീറ്റിൽ മത്സരിക്കണമെന്നാണ് നിലപാട്. ഇതിൽ കടുത്ത അതൃപ്‌തിയാണ് ജെഡിയു.
നിതീഷ് കുമാറിനെ ഒതുക്കാനുള്ള രാഷ്ട്രീയപദ്ധതിയാണിതെന്ന് ജെഡിയു സംശയിക്കുന്നു. 205 സീറ്റ് ഏറെക്കുറെ തുല്യമായി പങ്കിടാമെന്നും ബാക്കിയുള്ള 38 സീറ്റ് മറ്റ് ഘടകകക്ഷികൾക്ക് നൽകാമെന്നുമാണ് ബിജെപി നിർദേശം. കഴിഞ്ഞതവണ ജെഡിയു 115 സീറ്റിൽ മത്സരിച്ചെങ്കിലും 43 സീറ്റ് മാത്രമാണ് നേടിയത്. 110 സീറ്റിൽ മത്സരിച്ച ബിജെപി 74 ഇടത്ത് ജയിച്ചു. 2020ന് സമാനമായി ഇക്കുറിയും ജെഡിയുവിനെ ഒപ്പംകൂട്ടി ദുർബലപ്പെടുത്താനാണ് ബിജെപി നീക്കം. ജെഡിയുവിനെയും നിതീഷിനെയും ഒറ്റയടിക്ക് തള്ളാൻ തൽക്കാലം ബിജെപിക്കാകില്ല. പകരം, ഘട്ടംഘട്ടമായി സഖ്യകക്ഷിയെ ക്ഷീണിപ്പിച്ച് ഒടുവിൽ പൂർണമായും വിഴുങ്ങുകയെന്ന പതിവുതന്ത്രമാണ് ബിഹാറിലും പയറ്റുന്നത്. ഘടകകക്ഷികളെ വിഴുങ്ങുന്ന ബിജെപിയുടെ ചരിത്രം ജെഡിയുവിനെയും നിതീഷ് കുമാറിനെയും അലോസരപ്പെടുത്തുന്നുണ്ട്.
ബിജെപിയും ജെഡിയുവും പരമാവധി സീറ്റിൽ മത്സരിച്ചതിനുശേഷം ബാക്കിയുള്ള സീറ്റ് വീതിച്ചുനൽകാമെന്ന നിർദേശത്തിൽ ഘടകകക്ഷികൾക്കും അമർഷമുണ്ട്. 40ലധികം സീറ്റ് വേണമെന്ന നിലപാടിൽ എൽജെപിയുടെ ചിരാഗ് പസ്വാൻ ഉറച്ചുനിൽക്കുന്നു. 20 സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ എച്ച്‌എഎമ്മിന്റെ രാഷ്ട്രീയപ്രസക്തിതന്നെ നഷ്ടപ്പെടുമെന്നാണ് ജിതൻറാം മാഞ്ചിയുടെ വാദം. എൽജെപിയും എച്ച്‌എഎമ്മും കൂടുതൽ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചാൽ ജെഡിയുവിന് തലവേദനയാകും.
ചിരാഗ് പസ്വാനും പ്രശാന്ത് കിഷോറും ചർച്ച നടത്തി
ബിഹാർ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ എൻഡിഎ ഘടകകക്ഷിയായ എൽജെപിയുടെ നേതാവ് ചിരാഗ് പസ്വാനും ജൻസൂരജ് പാർടി നേതാവ് പ്രശാന്ത് കിഷോറും ചർച്ചനടത്തിയതായി റിപ്പോർട്ട്. എൻഡിഎയിൽ സീറ്റ് ചർച്ചകൾ നടക്കുന്നതിന് സമാന്തരമായാണ് ചിരാഗ് ജൻസൂരജ് പാർടിയുമായുള്ള രഹസ്യചർച്ച.
ഇക്കുറി 40 സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ് ചിരാഗ്. പരമാവധി 25 സീറ്റ് മാത്രമേ നൽകൂവെന്നാണ് ബിജെപി നിലപാട്. ഇൗ സാഹചര്യത്തിലാണ്, ചിരാഗ് പ്രശാന്ത് കിഷോറുമായി അടുക്കാൻ നീക്കംതുടങ്ങിയത്. ഇരുപാർടിയും സഖ്യമുണ്ടാക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ‘രാഷ്ട്രീയത്തിൽ എന്തും നടക്കാമെ’ന്നായിരുന്നു ചിരാഗിനോട് അടുത്ത വൃത്തങ്ങളുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് സീറ്റിലും ജയിച്ച എൽജെപിക്ക് ന്യായമായും 40 സീറ്റിന് അവകാശമുണ്ടെന്നാണ് ചിരാഗിന്റെ വാദം.










0 comments