ad
Deshabhimani

സുപ്രീം കോടതിയുടെ വിമർശനം; എൻസിഇആർടി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു

NCERT.jpg
വെബ് ഡെസ്ക്

Published on Apr 08, 2026, 04:01 PM | 2 min read

ന്യൂഡൽഹി: എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലെ "നീതിന്യായ വ്യവസ്ഥയിലെ അഴിമതി" എന്ന ഭാഗവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്ന് നിശിത വിമർശനം നേരിട്ടതിന് പിന്നാലെ എൻസിഇആർടി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു.


ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. ദേശീയ സിലബസ് ആൻഡ് ടീച്ചിംഗ് ലേണിംഗ് മെറ്റീരിയൽ കമ്മിറ്റി (NSTC) ആണ് മാറ്റങ്ങളോടെ നിലവിൽ വന്നത്. സമിതിയെ കൂടുതൽ ശക്തമാക്കുന്നു എന്നാണ് അവകാശവാദം.


പുനഃസംഘടിപ്പിക്കപ്പെട്ട സമിതിയിൽ 20 അംഗളാണുള്ളത്.
ഐഐടി മദ്രാസ് ഡയറക്ടർ വി കാമകോടി, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ICHR) ചെയർമാൻ രാഘവേന്ദ്ര തൻവാർ, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ആർ വെങ്കിട്ട റാവു, എൻസിഇആർടി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി ജോയിന്റ് ഡയറക്ടർ അമരേന്ദ്ര പ്രസാദ് ബെഹ്‌റ എന്നിവരാണ് ഇവരിലെ പ്രമുഖര്‍. മുമ്പ് 22 അംഗങ്ങളുണ്ടായിരുന്ന സമിതിയിൽ നിന്ന് മൂന്ന് പേരെ ഒഴിവാക്കിയിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവുകളെത്തുടർന്നാണ് ഈ നടപടി.


ഐഐടി ഗാന്ധിനഗറിലെ ഗസ്റ്റ് പ്രൊഫസർ ആയിരുന്ന മൈക്കൽ ഡാനിനോ, ചെന്നൈ സെന്റർ ഫോർ പോളിസി സ്റ്റഡീസ് ചെയർമാൻ എം.ഡി. ശ്രീനിവാസ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷനായിരുന്ന ബിബേക് ദെബ്രോയ് എന്നവരുടെ പേരുകളാണ് ഒഴിവാക്കിയത്. ബിബേക് ദെബ്രോയ് ഈയിടെ അന്തരിച്ചു.

NCERT Book

ഫെബ്രുവരിയിലാണ് എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെ (Corruption in Judiciary) സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. കോടതി ഈ പാഠപുസ്തകത്തിന്റെ ഓൺലൈൻ, ഓഫ്‌ലൈൻ പതിപ്പുകൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് പാഠപുസ്തകം പിൻവലിക്കാൻ എൻസിഇആർടി നിർബന്ധിതരായി.


ജുഡീഷ്യറിയെ കുറിച്ച് മോശം പരാമര്‍ശം ഉൾക്കൊള്ളുന്ന പാഠഭാഗങ്ങൾ ചേര്‍ത്തതായിരുന്നു പ്രകോപനം. പാഠപുസ്തകങ്ങളിൽ സംഘപരിവാര്‍ വീക്ഷണ കോണിൽ നിന്നുള്ള അശാസ്ത്രീയവും പ്രാകൃതവുമായ കാര്യങ്ങൾ കുത്തി നിറയ്ക്കുന്നതും ചരിത്രത്തെ വളച്ചൊടിക്കുന്നതും വലിയ പരാതിയായി തുടരുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ.


3 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കാനുള്ള അധികാരം ഈ സമിതിക്കുണ്ട്. കൂടാതെ, ഒന്നും രണ്ടും ക്ലാസുകളിൽ നിന്ന് മൂന്നാം ക്ലാസിലേക്കുള്ള പാഠ്യരീതി സുഗമമാക്കുന്നതിന് നിലവിലുള്ള പുസ്തകങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home