എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ നീതിന്യായ വ്യവസ്ഥയ്ക്ക് എതിരായ പരാമര്‍ശം: എൻ സി ഇ ആർ ടി മാപ്പപേക്ഷിച്ചു

ന്യൂഡൽഹി: എൻ സി ഇ ആർ ടി പുതുതായി പുറത്തിറക്കിയ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് മോശമായി പരാമർശിച്ചതുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ കൗൺസിൽ നിരുപാധികമായി മാപ്പപേക്ഷിച്ചു.വിവാദമായ പാഠഭാഗങ്ങൾ ഉൾപ്പെട്ട 'എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' (Exploring Society: India and Beyond)എന്ന പുസ്തകം പൂർണ്ണമായും പിൻവലിച്ചതായും അധികൃതർ അറിയിച്ചു.
സപ്രീം കോടതി സി ബി എസ് സി നടപടിക്കെതിരെ നിശിത വിമര്‍ശനം ഉന്നയിക്കയും പുസ്തകം പിൻവലിക്കാനും കണ്ടുകെട്ടാനും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എൻ സി ഇ ആര്‍ ടി വഴി ചരിത്രത്തെ തെറ്റായി അവതരിപ്പിക്കയും പ്രസക്തമായ പാഠങ്ങൾ പിൻവലിച്ച് ചരിത്രത്തെയും ശസ്ത്രത്തെയും തങ്ങളുടെ രാഷ്ട്രീയ പാഠങ്ങൾക്ക് അനുസൃതമായി വിദ്യാര്‍ഥികളുടെ തലയിൽ കെട്ടിവെക്കുകയും ചെയ്യുന്നത് പതിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് പ്രതിരോധത്തിലായിരുന്നു. സുപ്രീം കോടതി കേസ് വിടാതെ തുടരുകയും പിന്തുടരുകയും ചെയ്തതോടെ മോദി സര്‍ക്കാര്‍ തലയൂരാൻ ശ്രമിച്ചു. വിഷയത്തിൽ അന്വേഷണം നടത്താമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു.
എൻ.സി.ഇ.ആർ.ടിയുടെ പ്രതികരണം
ചൊവ്വാഴ്ച എൻ സി ഇ ആർ ടി ഔദ്യോഗികമായി മാപ്പപേക്ഷ നൽകി. "ഡയറക്ടറും കൗൺസിൽ അംഗങ്ങളും അധ്യായം നാലിലെ പരാമർശങ്ങൾക്ക് നിരുപാധികവും വിനീതവുമായ മാപ്പപേക്ഷിക്കുന്നു.പുസ്തകം പൂർണ്ണമായി പിൻവലിച്ചു കഴിഞ്ഞു,"എന്ന് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലം
എട്ടാം ക്ലാസ്സിലെ സോഷ്യൽ സയൻസ് രണ്ടാം ഭാഗത്തിലെ നാലാം അധ്യായമായ 'നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്' (The Role of Judiciary in our Society) എന്ന ഭാഗമാണ് വിവാദങ്ങൾക്ക് കാരണമായത്. കോടതികളിലെ അഴിമതി, കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യം, ജഡ്ജിമാരുടെ കുറവ് എന്നിവയാണ് പാഠപുസ്തകത്തിൽ പെരുപ്പിച്ച് രേഖപ്പെടുത്തിയത്.
മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ,അഭിഷേക് സിങ്‌വി എന്നിവർ ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സ്വമേധയാ കേസെടുത്തു.
"നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ല"എന്ന് വ്യക്തമാക്കിയ കോടതി,കുട്ടികളുടെ മനസ്സിൽ ഇത്തരമൊരു തെറ്റായ ചിത്രം നൽകുന്നത് ഗൗരവകരമായ പരാജയമാണെന്ന് നിരീക്ഷിച്ചു. "നിങ്ങൾ ഒരു വെടിയുണ്ട പായിക്കയും, നിയമ പീഠം രക്തം ചിന്തുകയും ചെയ്യുന്നു"എന്ന കടുത്ത പരാമർശമാണ് കോടതി നടത്തിയത്. തുടര്‍ന്ന് പുസ്തകത്തിന്റെ അച്ചടി,വിതരണം,ഡിജിറ്റൽ പ്രചരണം എന്നിവയ്ക്ക് കോടതി സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ കൗൺസിൽ ഇതിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. കോടതി പ്രതികരിച്ചതോടെ പുസ്തകത്തിന്റെ വിതരണം നിർത്തിവെക്കാൻ മന്ത്രാലയം തന്നെ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നു.










0 comments