പുസ്തകമില്ലാതെ വലഞ്ഞ് വിദ്യാർഥികൾ; 205 രൂപയുടെ എൻസിഇആർടി പുസ്തകത്തിന് ഓൺലൈനിൽ 899 രൂപ!

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും എൻസിഇആർടി പാഠപുസ്തകങ്ങളുടെ കടുത്ത ക്ഷാമം തുടരുന്നത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ വലയ്ക്കുന്നു. വിപണിയിൽ പുസ്തകങ്ങൾ കിട്ടാനില്ലാത്ത സാഹചര്യം മുതലെടുത്ത് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വൻ വിലയ്ക്കാണ് പുസ്തകങ്ങൾ വിൽക്കുന്നത്.
205 രൂപ വിലയുള്ള ഒൻപതാം ക്ലാസ്സിലെ പുസ്തകത്തിന് ഓൺലൈനിൽ 899 രൂപ വരെയാണ് ഈടാക്കുന്നത്. പുതുക്കിയ സിലബസ് പ്രകാരമുള്ള പുസ്തകങ്ങൾ അച്ചടിച്ച് വിതരണത്തിനെത്താൻ വൈകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഏപ്രിൽ ആദ്യവാരം ക്ലാസ്സുകൾ ആരംഭിച്ചിട്ടും പല പ്രധാന വിഷയങ്ങളുടെയും പുസ്തകങ്ങൾ കടകളിൽ എത്തിയിട്ടില്ല. വിപണിയിലെ ക്ഷാമം മുതലെടുത്ത് ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ സൈറ്റുകളിലൂടെ ചില വ്യാപാരികൾ പുസ്തകങ്ങൾ കരിഞ്ചന്തയിൽ വിൽക്കുകയാണെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.
യഥാർത്ഥ വിലയേക്കാൾ നാലിരട്ടി വരെ അധികം നൽകി പുസ്തകം വാങ്ങേണ്ട ഗതികേടിലാണ് രക്ഷിതാക്കൾ. പ്രത്യേകിച്ചും ഒൻപതാം ക്ലാസ്സിലെ പുസ്തകങ്ങൾക്കാണ് വലിയ ക്ഷാമം നേരിടുന്നത്. സിലബസ് പരിഷ്കരണം വൈകിയതാണ് അച്ചടി നടപടികളെ ബാധിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
പുസ്തകക്ഷാമം രൂക്ഷമായതോടെ വിപണിയിൽ വ്യാജ പുസ്തകങ്ങളും സജീവമായിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത പേപ്പറിൽ അച്ചടിച്ച തെറ്റുകൾ നിറഞ്ഞ പുസ്തകങ്ങൾ യഥാർത്ഥ പുസ്തകത്തിന്റെ വിലയ്ക്ക് വിൽക്കുന്ന സംഘങ്ങളും സജീവമാണ്.
അംഗീകൃത വെണ്ടർമാരിൽ നിന്ന് മാത്രം പുസ്തകങ്ങൾ വാങ്ങണമെന്ന് സിബിഎസ്ഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പുസ്തകങ്ങൾ ലഭ്യമല്ലാത്തത് രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കുന്നു.
പ്രശ്നം പരിഹരിക്കാൻ എൻസിഇആർടി അടിയന്തരമായി ഇടപെടണമെന്നും പുസ്തകങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നുമാണ് രക്ഷിതാക്കളുടെയും അധ്യാപക സംഘടനകളുടെയും ആവശ്യം










0 comments