ad
Deshabhimani

നാഷണൽ കോൺഫറൻസ് നേതാവ് മുസ്തഫ കമാൽ അന്തരിച്ചു

NC MUSTAFA KAMAL
വെബ് ഡെസ്ക്

Published on Jul 14, 2026, 09:33 PM | 1 min read

ശ്രീനഗർ: നാഷണൽ കോൺഫറൻസ് മുതിർന്ന നേതാവും മുൻ ജമ്മു കശ്മീർ മന്ത്രിയുമായ ഷെയ്ഖ് മുസ്തഫ കമാൽ അന്തരിച്ചു. 83 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ശ്രീനഗറിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് മരിച്ചത്.


നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയുടെ ഇളയ സഹോദരനും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ അമ്മാവനുമാണ്. പാർടിയുടെ അഡീഷണൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചുവരികയായിരുന്നു.


രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് ജയ്പുരിലെ സവായ് മാൻസിങ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് നേടിയിരുന്നു. 1983 മുതൽ 1987 വരെ ജമ്മു കശ്മീർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.


1987 മുതൽ 2002 വരെ ബാരാമുള്ള ജില്ലയിലെ ഗുൽമാർഗ് മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്തു. 1983, 1987, 1996 വർഷങ്ങളിൽ അധികാരത്തിലെത്തിയ സർക്കാരുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.


മുസ്തഫ കമാലിന്റെ വിയോഗത്തിൽ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മിർവായിസ് ഉമർ ഫാറൂഖ്, ഗുലാം നബി ആസാദ്, അൽത്താഫ് ബുഖാരി, സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എന്നിവർ അനുശോചിച്ചു.


പാർടിക്കും ജമ്മു കശ്മീരിനും നികത്താനാകാത്ത നഷ്ടമാണ് മുസ്തഫ കമാലിന്റെ വിയോഗമെന്ന് നാഷണൽ കോൺഫറൻസ് പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home