അഭിമന്യൂ വധക്കേസ്: പ്രതികളായ അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അപ്പീൽ തള്ളി ഹൈക്കോടതി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യൂവിനെ ക്യാമ്പസിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. കേസിൽ തങ്ങളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നൽകിയ വിടുതൽ ഹർജിയിലെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.
വിചാരണ നടപടികൾ നിർത്തിവെയ്ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, കീഴ്ക്കോടതി വിധി പൂർണ്ണമായും ശരിവെച്ചു. കേസിന്റെ വിചാരണക്രമം തീരുമാനിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്. കേസുമായി ബന്ധപ്പെട്ട എല്ലാ മൊഴികളും രേഖകളും തങ്ങൾക്ക് നൽകണമെന്ന പ്രതികളുടെ ആവശ്യവും കോടതി കർശനമായി തള്ളി.
2018 ജൂലൈ രണ്ടിനാണ് ഇടുക്കി വട്ടവടയിൽ നിന്നും മഹാരാജാസ് കോളേജിലെത്തിയ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യൂവിനെ പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകൾ ആസൂത്രിതമായി കുത്തിക്കൊലപ്പെടുത്തിയത്.
ക്യാമ്പസിൻ്റെ ചുവരുകളിൽ 'വർഗീയത തുലയട്ടെ' എന്ന വരികൾ കുറിച്ചതായിരുന്നു വർഗീയവാദികളെ പ്രകോപിപ്പിച്ചത്. അഭിമന്യൂവിനെ കൊലപ്പെടുത്തുന്നതിലൂടെ ക്യാമ്പസിലെ ഇടതുപക്ഷ പ്രസ്ഥാനത്തെയും എസ്എഫ്ഐയെയും ഇല്ലാതാക്കാമെന്നായിരുന്നു വർഗീയ ശക്തികൾ കരുതിയിരുന്നത്.
എന്നാൽ വർഗീയതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യമാകെ ജ്വലിച്ചുയരുന്ന പ്രതീകമായി അഭിമന്യൂ മാറി. കേസിന്റെ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ഒരുക്കങ്ങളിലാണ് നിലവിൽ വിചാരണ കോടതി. പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളിയതോടെ കേസിൽ ഉടൻ തന്നെ കൃത്യമായ വിചാരണ ആരംഭിക്കും.










0 comments