ഓരോ മലയാളിക്കും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം; അനിൽ മേനോന് അഭിനന്ദനവുമായി പിണറായി വിജയൻ

തിരുവനന്തപുരം : ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. അനിൽ മേനോന് അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ നേട്ടം ഓരോ മലയാളിക്കും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്ന് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. അർപ്പണബോധവും കഠിനാധ്വാനവും ശാസ്ത്രത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കൊണ്ട് ലോകത്തിന്റെ നെറുകയിലെത്താൻ കഴിയുമെന്ന് ഡോ. അനിൽ മേനോൻ തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ നേട്ടം ശാസ്ത്രരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവതലമുറയ്ക്ക് വലിയ പ്രചോദനം പകരും. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നതായും പിണറായി വിജയൻ കുറിച്ചു.
അനിൽ മേനോൻ ഉൾപ്പെടെ മൂന്നുപേരെ വഹിച്ചുള്ള സോയൂസ് എംഎസ്-29 പേടകം ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയർന്നത്. കസാഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നായിരുന്നു വിക്ഷേപണം. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്ര് ഡുബ്രോവ്, അന്ന കികിന എന്നിവരാണ് അനിൽ മേനോനൊപ്പമുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74, 75 ദൗത്യങ്ങളുടെ ഭാഗമായി സംഘം എട്ടുമാസത്തോളം നിലയത്തിൽ താമസിച്ച് ഗവേഷണങ്ങൾ നടത്തും. 2027 ഏപ്രിലിലാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.










0 comments