സമൂഹമാധ്യമത്തിലൂടെ യുവതിയെ അപമാനിച്ചു; തൊപ്പിയുടെ കൂട്ടാളി യൂട്യൂബർ മമ്മു അറസ്റ്റിൽ

മമ്മു
മഞ്ചേരി : സമൂഹമാധ്യമത്തിലെ തത്സമയ സംപ്രേഷണത്തിനിടെ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബറായ കണ്ണൂർ ഇരിക്കൂർ സ്വദേശി കെ മുഹമ്മദി (മമ്മു 20)വിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി നൽകിയ പരാതിയിലാണ് നടപടി. വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിന്റെ കൂട്ടാളിയാണ് മമ്മു.
ഗായകൻ ഹനാൻ ഷായെക്കുറിച്ച് തത്സമയ സംപ്രേഷണത്തിൽ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയായ പരാതിക്കാരിയെ മമ്മു അപമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതേ യുവതി നൽകിയ മറ്റൊരു പരാതിയിൽ യൂട്യൂബർ തൊപ്പിക്കെതിരെയും മഞ്ചേരി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഹനാൻ ഷായുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് തൊപ്പിയും കൂട്ടാളികളും നടത്തിയ മോശം പരാമർശങ്ങൾ അടങ്ങിയ യൂട്യൂബ് ലൈവ് വീഡിയോ പിൻവലിച്ചിരുന്നു.
സോഷ്യൽമീഡിയയിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന മറ്റൊരു കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കും. നിഹാദ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുളളതിനാലാണ് പൊലീസിന്റെ നീക്കം. പാസ്‌പോർട്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് മറുപടി നൽകിയശേഷമാണ് ഒളിവിൽ പോയത്.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യുട്യൂബ് ചാനൽ നീക്കംചെയ്‌തിരുന്നു. ഇയാൾക്ക് മുൻകൂർജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് എറണാകുളം റൂറൽ പൊലീസാണ് എറണാകുളം സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ഐടി നിയമപ്രകാരമാണ് കേസെടുത്തത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സുഹൃത്തുക്കളുടെ നഗ്നവീഡിയോ ഫെയ്‌സ്‌ബുക്കിലും യുട്യൂബിലും ഇൻസ്‌റ്റഗ്രാമിലും പോസ്‌റ്റ് ചെയ്‌തെന്നായിരുന്നു പരാതി. തുടർന്ന് ആരോപണ പ്രത്യാരോപണങ്ങളുമായി തൊപ്പിയും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗം, അശ്ലീലപ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെയുള്ളത്










0 comments