ad
Deshabhimani

എംഎസ്‌സി എൽസ കപ്പൽ അപകടം: കേന്ദ്രത്തിന് ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനം

MSC Elsa 3.jpg
വെബ് ഡെസ്ക്

Published on Jul 14, 2026, 11:03 PM | 1 min read

കൊച്ചി: കേരള തീരത്ത് കടലിൽ എംഎസ്‌സി എൽസ (MSC Elsa 3) ചരക്കുകപ്പൽ മുങ്ങി ഒരു വർഷം പിന്നിട്ടിട്ടും സമഗ്രമായ നടപടികൾ ഉണ്ടാകാത്തതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.


കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന കപ്പലിന്റെയും അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളുടെയും നിലവിലെ അവസ്ഥ പരിശോധിക്കാൻ ഇന്ത്യൻ നാവികസേനയുടെ സഹായം ലഭ്യമാക്കാനാകുമോ എന്ന് പരിശോധിക്കാൻ പ്രതിരോധ മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു.


കപ്പലപകടവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ കോടതിയെ കൃത്യമായി അറിയിക്കാത്തതിലാണ് കേന്ദ്ര സർക്കാരിനെതിരെ കോടതി അതൃപ്തി രേഖപ്പെടുത്തിയത്. ലൈബീരിയൻ പതാകയുള്ള ഈ കപ്പൽ മുങ്ങിയതിനെത്തുടർന്ന് ടൺ കണക്കിന് ഇന്ധനവും രാസവസ്തുക്കളുമാണ് കടലിലേക്ക് ഒഴുകിയത്.


ഇത് കടലിലെ ആവാസവ്യവസ്ഥയിലും മത്സ്യസമ്പത്തിലും ഉണ്ടാക്കിയ കനത്ത ആഘാതത്തെക്കുറിച്ച് സ്വതന്ത്രവും ശാസ്ത്രീയവുമായ പഠനം നടത്താൻ കേന്ദ്ര ഏജൻസികൾ തയ്യാറായിട്ടില്ല. കപ്പൽ ഉടമകൾ നൽകിയ സ്വകാര്യ സർവേ റിപ്പോർട്ടുകൾ മാത്രം ആശ്രയിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, നാവിക ദിശാഗതിക്കും പരിസ്ഥിതിക്കും ഈ അവശിഷ്ടങ്ങൾ ഉണ്ടാക്കുന്ന ഭീഷണി കണ്ടെത്താൻ പ്രതിരോധ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.


ആഴക്കടലിലെ സങ്കീർണ്ണമായ രക്ഷാപ്രവർത്തനങ്ങൾക്കും പരിശോധനകൾക്കും നാവികസേനയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങളും ഐഎൻഎസ് നിസ്തർ പോലെയുള്ള ഡൈവിംഗ് സപ്പോർട്ട് വെസലുകളുടെ ശേഷിയും ഉപയോഗപ്പെടുത്താൻ സാധിക്കുമോ എന്ന് കോടതി ആരാഞ്ഞു. കേസ് കൂടുതൽ വാദത്തിനായി ഓഗസ്റ്റ് 11-ലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home