മണ്ണ് തിന്ന് ഉദ്യോഗാർഥികളുടെ പ്രതിഷേധം

സെക്രട്ടറിയറ്റിനുമുന്നിൽ എൽപി സ്‌കൂൾ ടീച്ചേഴ്‌സ് റാങ്ക് ഹോൾഡർമാർ മണ്ണുതിന്ന് പ്രതിഷേധിക്കുന്നു
തിരുവനന്തപുരം
അർഹതപ്പെട്ട ജോലിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ സെക്രട്ടറിയറ്റിനുമുന്നിൽ മണ്ണ് വാരിത്തിന്ന് കണ്ണീരോടെ എൽപി സ്‌കൂൾ ടീച്ചേഴ്‌സ് റാങ്ക് ഹോൾഡർമാർ. ഓൾ കേരള എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ അനിശ്ചിതകാല റിലേ നിരാഹാര രാപകൽ സമരം ബുധനാഴ്‌ച പത്താം ദിവസത്തിലേക്ക്. ദിവസങ്ങളായി പട്ടിണികിടന്നും തെരുവിലുറങ്ങിയും സമരം ചെയ്തിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടില്ലാത്തതിനാലാണ് ചൊവ്വാഴ്‌ച ഉദ്യോഗാർഥികൾ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചത്. അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കുക, കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ലിസ്റ്റിൽനിന്ന് ഉടൻ നിയമനം നടത്തുക, നഷ്ടപ്പെട്ട വർഷങ്ങൾ കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക എന്നീ ആവശ്യങ്ങളുയർത്തിയാണ് സമരം. മുഖ്യമന്ത്രിക്ക് നിവേദനം നൽകിയശേഷം ഉദ്യോഗാർഥികൾ വാർത്താസമ്മേളനം നടത്തി, ഉഭയകക്ഷി ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. യൗവനവും സ്വപ്നവും തെരുവിൽ ഹോമിക്കാൻ തയ്യാറല്ലെന്നും അനുകൂലതീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നും റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറി വളർമതി, വൈസ് പ്രസിഡന്റ് ബൽക്കീസ് എന്നിവർ പറഞ്ഞു. വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടറിയറ്റിലേക്ക് പന്തംകൊളുത്തി പ്രകടനവും നടത്തി.











0 comments