print edition കളിപ്പകയുടെ തീരാചരിത്രം

ഡോ. സോണി ജോൺ
Published on Jul 15, 2026, 12:06 AM | 1 min read
കളിക്കളങ്ങളിലെ വൈര്യങ്ങളെ അനശ്വരമാക്കുന്ന പോരാട്ടങ്ങളിൽ എന്തുകൊണ്ടും എണ്ണപ്പെട്ടവയാണ് അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ. കളത്തിലെ ശത്രുതക്ക് ആക്കം കൂട്ടിയത് 1966ൽ ഇംഗ്ലണ്ടിൽ നടന്ന മത്സരമായിരുന്നു. ‘റോബോ ഡെൽ സിഗ്‌ളോ' (നൂറ്റാണ്ടിന്റെ മോഷണം) എന്നറിയപ്പെടുന്ന മത്സരത്തിൽ അർജന്റീന ക്യാപ്റ്റൻ അന്റോണിയോ റാറ്റിനെ പുറത്താക്കുന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. അദ്ദേഹം ചെയ്തകുറ്റം നാക്കുകൊണ്ടുള്ള ആക്രമണം.
സ്‌പാനിഷ് അറിയാത്ത ജർമൻ റഫറി റുഡോൾഫ് ക്രെയ്റ്റലിൻ എങ്ങിനെയാണ് റാറ്റിൻ പറഞ്ഞത് മനസ്സിലാക്കിയതെന്ന് ഇന്നും അജ്ഞാതം. കളത്തിൽനിന്നും പുറത്തുപോകുമ്പോൾ റാറ്റിൻ ബ്രിട്ടീഷ് പതാക തട്ടിത്തെറിപ്പിക്കുകയും രാജ്ഞിയെ വരവേൽക്കാനായി ഒരുക്കിയിരുന്ന പരവതാനിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഒരു ഗോളിന് മത്സരം ജയിച്ച ശേഷം ഇംഗ്ലീഷ് മാനേജർ ആൽഫ്രെഡ് റംസെ അർജന്റീന ടീമിനെ ‘മൃഗങ്ങൾ' എന്ന് വിളിച്ചത് വിമർശിക്കപ്പെട്ടു. ‘റാറ്റിൻ സംഭവ'ത്തെത്തുടർന്നാണ് ഫിഫ ചുവപ്പുകാർഡും മഞ്ഞകാർഡും കൊണ്ടുവരുന്നത് എന്നതും ചരിത്രത്തിന്റെ ഭാഗമാണ്. റാറ്റിൻ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
അർജന്റീനക്കാർ 'മാൽവിനാസ്' എന്ന് അരുമയോടെ വിളിക്കുന്ന ഫോക്‌ലാൻഡ് ദ്വീപുകൾക്കു വേണ്ടിയുള്ള 1982ലെ യുദ്ധം 1986 ലെ ലോകകപ്പിനു മുമ്പുതന്നെ ബ്രിട്ടനും അർജന്റീനയും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ആ ശത്രുതക്ക് പുതിയ മാനം നൽകുന്നതായിരുന്നു 1986ലെ ക്വാർട്ടർ ഫൈനൽ. മാറഡോണ നേടിയ ‘ദൈവത്തിന്റെ കൈ’ ഗോൾ ഒരിക്കലും ഇംഗ്ലീഷുകാർക്ക് ദഹിക്കില്ല. തുർന്നുള്ള ‘നൂറ്റാണ്ടിന്റെ ഗോൾ' ഇന്നും ഉറക്കം കെടുത്തുന്നു.
1998ൽ ദ്യോഗോ സിമിയോണിയും ഡേവിഡ് ബെക്കാമും തമ്മിലുണ്ടായ ഫൗളിനെത്തുടർന്ന് റെഡ്കാർഡു കിട്ടി ബെക്കാമിനു പുറത്തുപോകേണ്ടിവന്നു. സിമിയോണിയുടെ പരിക്ക് നടിച്ചുള്ള അഭിനയമാണ് ബെക്കാമിനെ പുറത്താക്കിയതെന്നത് ശത്രുതക്ക് ആക്കം കൂട്ടി.











0 comments