തോറ്റുമടക്കം; ഹോർമുസ് കടലിടുക്കിലെ 20% നികുതി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് 20 ശതമാനം സുരക്ഷാ നികുതി ചുമത്തുമെന്ന പ്രഖ്യാപനത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി. നികുതി ഏർപ്പെടുത്തുന്നതിന് പകരം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ അമേരിക്കയിൽ വൻതോതിൽ നിക്ഷേപം നടത്തുമെന്നും ഇതിനായി പുതിയ വ്യാപാര കരാറുകൾ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ നിർണായക ചർച്ചകൾക്ക് ശേഷമാണ് പുതിയ തീരുമാനമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എല്ലാ ചരക്കുകപ്പലുകൾക്കും 20 ശതമാനം തുക അമേരിക്കയ്ക്ക് നികുതിയായി നൽകണമെന്ന ട്രംപിന്റെ തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് നാടകീയമായ ഈ പിന്മാറ്റം.
മേഖലയ്ക്ക് സംരക്ഷണം നൽകുന്ന അമേരിക്ക ഇനി മുതൽ 'ഹോർമുസ് കടലിടുക്കിന്റെ കാവൽക്കാരൻ' എന്ന് അറിയപ്പെടുമെന്നായിരുന്നു ട്രംപിന്റെ വിചിത്രപ്രഖ്യാപനം. എന്നാൽ, ഇതിനെതിരെ ഇറാൻ രംഗത്തെത്തി. ഹോർമുസ് കടലിടുക്കിന്റെ യഥാർത്ഥ കാവൽക്കാർ അമേരിക്കയല്ല, ഇറാനാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ചുകൊണ്ട് 'എക്സ്' പ്ലാറ്റ്‌ഫോമിലാണ് അരാഗ്ചി പ്രതികരിച്ചത്. കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കണമെന്ന വാദം ശരിയാണെന്നും എന്നാൽ ഹോർമുസിന്റെ കാവൽക്കാർ എന്നും ഇറാൻ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ആവശ്യപ്പെട്ട 20 ശതമാനം തുക വളരെ കൂടുതലാണെന്നും എന്നാൽ തങ്ങൾ ഇക്കാര്യത്തിൽ ന്യായമായ നിലപാടേ സ്വീകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










0 comments