ad
Deshabhimani

അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം; മൂന്ന് മരണം, 37,000 പേർ ദുരിതത്തിൽ

assam flood
വെബ് ഡെസ്ക്

Published on Jul 14, 2026, 09:39 PM | 1 min read

ഗുവാഹത്തി : അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷമാകുന്നു. മരണസംഖ്യ മൂന്നായി ഉയർന്നു, ദുരിതബാധിതരുടെ എണ്ണം നാലിരട്ടിയായി വർധിച്ച് 37,000ത്തിലധികമായെന്ന് ഔദ്യോഗിക ബുള്ളറ്റിൻ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സോണിത്പൂർ ജില്ലയിലെ നടുവാർ റവന്യൂ സർക്കിളിൽ നിന്നാണ് ഏറ്റവും പുതിയ മരണം റിപ്പോർട്ട് ചെയ്തതെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (ASDMA) അറിയിച്ചു.


സോണിത്പൂർ, ദിബ്രുഗഡ്, ലഖിംപൂർ, ധേമാജി, ജോർഹട്ട്, ശിവസാഗർ എന്നീ ആറ് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു. 12 റവന്യൂ സർക്കിളുകളെയും 99 ഗ്രാമങ്ങളെയും ഇത് ബാധിച്ചതായി ബുള്ളറ്റിൻ പറയുന്നു. ആകെ 37,032 പേർ വെള്ളപ്പൊക്കത്തിൽ ദുരിധബാധിതരായി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ലഖിംപൂർ ജില്ലയിലാണ്. 35,000 പേരെയാണ് ഇവിടെ വെള്ളപ്പൊക്കം ബാധിച്ചത്. തിങ്കളാഴ്ച ആറ് ജില്ലകളിലായി 9,600-ലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.


ദുരിതബാധിതർക്ക് 20 വിതരണ കേന്ദ്രങ്ങൾ വഴി ദുരിതാശ്വാസ സാമഗ്രികൾ നൽകുന്നുണ്ടെന്ന് എഎസ്ഡിഎംഎ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സോണിത്പൂർ ജില്ലയിൽ നിന്ന് 16 പേരെ സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തിൽ 1,103.94 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിലായി. വളർത്തുമൃഗങ്ങൾ ഒലിച്ചുപോയി. ചില ജില്ലകളിൽ റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home