രാജ്യമെങ്ങും തിരംഗാ മാർച്ച്; തെരുവുകളിൽ പ്രക്ഷോഭത്തിര

തിരംഗാ മാർച്ചിൽ ഡൽഹിയിൽ കൂറ്റൻ ദേശീയപതാകയുമായി അണിനിരന്നവർ
ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യപ്രക്രിയയെ അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമാകെ തിരംഗാ മാർച്ച്. ദേശീയപതാകയുമേന്തി പതിനായിരങ്ങൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ തെരുവിലിറങ്ങി. കേരളത്തിലും പ്രതിഷേധ പരിപാടികൾ സജീവമാണ്. കേന്ദ്രസർക്കാർ ഒരുക്കിയ വിലക്കുകളെയും ഭീഷണികളെയും മറികടന്ന് പ്രക്ഷോഭകേന്ദ്രങ്ങളിലേക്ക് ഓരോനിമിഷവും ജനം ഒഴുകിയെത്തുകയാണ്. സിജെപിയുടെയും ഇടതുപക്ഷ സംഘടനകളുടെയും നേതൃത്വത്തിലാണ് മാര്ച്ച്.
ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്കാണ് സിജെപി തിരംഗാ മാർച്ച് പ്രഖ്യാപിച്ചത്. എന്നാൽ മാർച്ചിന് മുൻപേതന്നെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ചിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് അഭിജീതിന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. പൊലീസിന്റെ ഭീഷണി മറികടന്ന് അഭിജീത് വീടിന് പുറത്തിറങ്ങിയ ഉടനെ അറസ്റ്റ് ചെയ്തുനീക്കി.
എന്നാൽ അടിച്ചമർത്തൽ ശ്രമങ്ങളെ വെല്ലുവിളിച്ച് പ്രതിഷേധത്തിൽനിന്ന് പിന്മാറാതെ ദേശീയപതാകകളുമായി പ്രക്ഷോഭകർ രംഗത്തെത്തി. എസ്എഫ്ഐ, ഐസ, എഐഎസ്എഫ് തുടങ്ങിയ വിവിധ വിദ്യാർഥി-യുവജന സംഘടനകളും എഎപി പ്രവർത്തകരും തിരംഗാ മാർച്ചിൽ അണിനിരക്കുന്നുണ്ട്.
ബംഗളൂരു ഫ്രീഡം പാർക്കിലും മുംബൈയിലെ ആസാദ് മൈതാനത്തും തിരംഗാ മാർച്ച് നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ നടക്കുന്ന പരിപാടിയിൽ നടനും സാമൂഹികപ്രവർത്തകനുമായ പ്രകാശ് രാജ് പങ്കെടുത്തു. എറണാകുളം രാജേന്ദ്രമൈതാനത്ത് നടക്കുന്ന നിരവധി സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. മറ്റ് ജില്ലാ കേന്ദ്രങ്ങളിലും തിരംഗാ മാര്ച്ചിന് ഐക്യദാര്ഢ്യവുമായി പ്രകടനം നടത്തി.









0 comments