വിനു മങ്കാദ് ട്രോഫി: അസമിനെ 252 റൺസിന് തകർത്ത് കേരളം നോക്കൗട്ടിൽ

ലഖ്നൗ : അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ അസമിനെ 252 റൺസിന് തകർത്ത് കേരളം നോക്കൗട്ടിൽ. അഹ്മദ് ഖാന്റെ സെഞ്ച്വറിയുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ 377 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ അസം 30.5 ഓവറിൽ 125 റൺസിന് ഓൾഔട്ടായി. ഡി ഗ്രൂപ്പിൽ 12 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈയാണ് ഗ്രൂപ്പിൽ ഒന്നാമത്.
ഓപ്പണർമാരായ അഹ്മദ് ഖാനും കെആർ രോഹിതും നൽകിയ തകർപ്പൻ തുടക്കമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് 17.1 ഓവറിൽ ഒന്നാം വിക്കറ്റിൽ 174 റൺസ് കൂട്ടിച്ചേർത്തു. രോഹിത് 68 റൺസെടുത്തപ്പോൾ അഹ്മദ് ഖാൻ ടൂർണമെന്റിലെ തന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി. 61 പന്തിൽ 14 ഫോറും ആറ് സിക്സും ഉൾപ്പെടെ 109 റൺസാണ് അഹ്മദ് നേടിയത്.
സംഗീത് സാഗർ (1), ക്യാപ്റ്റൻ ഹൃഷികേശ് (12) എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായതോടെ കേരളം നാല് വിക്കറ്റിന് 200 റൺസെന്ന നിലയിലായി. അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അമയ് മനോജും മാനവ് കൃഷ്ണയും ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തു. അമയ് 56 റൺസും മാനവ് 28 റൺസും നേടി.
അവസാന ഓവറുകളിൽ തോമസ് മാത്യുവും എസ് ജിനേഷും നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് കേരളത്തിന്റെ സ്കോർ 377ൽ എത്തിച്ചത്. 31 പന്തിൽ 52 റൺസെടുത്ത തോമസ് മാത്യുവും 16 പന്തിൽ 33 റൺസെടുത്ത ജിനേഷും ചേർന്ന് സ്കോറിന് വേഗം കൂട്ടി. അസമിനായി രാഹുൽ തമൂലി നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ അസമിന് കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. ക്യാപ്റ്റൻ അമൻ യാദവ് (31), ഓപ്പണർ തുഷാർ രുദ്ര (32) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 30.5 ഓവറിൽ 125 റൺസിന് അസം പുറത്തായി. കേരളത്തിനായി അമയ് മനോജും ഇഷാൻ കുനാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഹൃഷികേശ് രണ്ട് വിക്കറ്റെടുത്തു.








0 comments