സാങ്കേതിക സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് വമ്പൻ വിജയം

തിരുവനന്തപുരം: കേരള, കലിക്കറ്റ്, എം ജി, കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സാങ്കേതിക സർവകലാശാലാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്ക് വമ്പൻ
വിജയം. ഭൂരിപക്ഷം കോളേജുകളിലേയും എല്ലാ സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. തിരുവനന്തപുരം സിഇറ്റി, കിടങ്ങൂർ, വയനാട് എഞ്ചിനീയറിങ് കോളേജുകളിലടക്കം നിരവധി യൂണിയനുകൾ കെഎസ് യുവി ൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചു.
വിജയിച്ച കോളേജുകളിലെല്ലാം മിന്നുന്ന പ്രകടനമാണ് എസ്എഫ്ഐ കാഴ്ചവെച്ചിരിക്കുന്നത്. ഡൽഹിയിൽ ബിജെപിയുടെ ഏകാധിപത്യ നിലപാടുകൾക്കെതിരെ അതിശക്തമായ പോരാട്ടം മുന്നിൽ നിന്ന് എസ്എഫ്ഐ നയിക്കുമ്പോൾ കേരളത്തിലെ സർവകലാശലകളിൽ എസ് എഫ് ഐ നേടുന്ന ചരിത്ര വിജയങ്ങൾ പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകരുകയാണ്.
കൊല്ലം ജില്ലയിലെ എൻജിനീയറിങ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പും എസ്എഫ്ഐ തൂത്തുവാരി. ഏഴിൽ ആറ് കോളേജും എസ്എഫ്ഐ നേടി . ടികെഎം എഞ്ചിനീയറിംഗ് കോളേജ് കരിക്കോട്,എംഇഎസ് ചാത്തന്നൂർ, പെരുമൺ എഞ്ചിനീയറിംഗ് കോളേജ്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി, ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് കൊട്ടാരക്കര,കരുവേലിൽ ടികെഎംഐടി, എന്നിവിടങ്ങളിൽ എസ്എഫ്ഐ യൂണിയൻ നേടി.
നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ ചാത്തന്നൂർ എംഇഎസിൽ എതിരില്ലാതെ എസ്എഫ്ഐ മുഴുവൻ സീറ്റും നേടി. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കാരുവേലിൽ ടി കെ എം എൻജിനീയറിങ് കോളേജ് യൂണിയൻ എസ്എഫ്ഐ തിരികെ പിടിക്കുന്നത്.
കൊലക്കത്തിയുടെയും അക്രമത്തിന്റെയും വഴിതേടുന്ന കെഎസ്യു എബിവിപി സംഘടനകളുടെ അരാഷ്ട്രീയ സംവിധാനത്തെ പൊളിച്ചെഴുതിയാണ് ജില്ലയിൽ എസ്എഫ്ഐ തിളക്കമാർന്ന വിജയം നേടിയതെന്ന് ജില്ലാ പ്രസിഡൻറ് അസ്ലം ഷാജഹാൻ സെക്രട്ടറി എസ് വിഷ്ണു പറഞ്ഞു .
കോഴിക്കോട് ജില്ലയിലും തിരഞ്ഞെടുപ്പ് നടന്ന മൂന്ന് കോളേജുകളിലും എസ്എഫ്ഐ യൂണിയൻ വിജയിച്ചു. വെസ്റ്റ്ഹിൽ എഞ്ചിനീയറിംഗ് കോളേജിൽ മുഴുവൻ സീറ്റിലും എം ഡിറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒമ്പതിൽ ഏഴ് സീറ്റിലും വടകര മണിയൂർ എഞ്ചിനീയറിംഗ് കോളേജിൽ 15 ൽ 11 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. മൂന്ന് ക്യാമ്പസിലും യുഡിഎസ്എഫ് മുന്നണിയെയാണ് എസ്എഫ്ഐ പരാജയപ്പെടുത്തിയത്. ‘സോഷ്യലിസമാണ് ഭാവി മതനിരപേക്ഷതയാണ് കരുത്ത്‘ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ് എഫ് ഐ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.
വർഗീയതയ്ക്കും കേന്ദ്രസർക്കാരിൻറെ വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിനും ജനാധിപത്യത്തെ അടിച്ചമർത്തുന്നതിനും എതിരെ വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനായി നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരമാണ് എസ്എഫ്ഐക്ക് വിദ്യാർഥികള് നൽകിയത്. ക്യാമ്പസുകളെ സർഗാത്മകവും സാംസ്കാരിക സമ്പന്നവുമാക്കി തീർക്കാൻ എസ്എഫ്ഐ നടത്തുന്ന നിരന്തര ഇടപെടലിന് ഉജ്ജ്വല വിജയത്തിലൂടെ അംഗീകാരം സമ്മാനിച്ച വിദ്യാർഥികളെ എസ്എഫ്ഐ അഭിവാദ്യം ചെയ്തു.









0 comments