Deshabhimani

പതറാതെ മുന്നോട്ട്; നാളെയും സെൻട്രൽ പാർക്കിലേക്ക് ഇടതുപക്ഷ മാർച്ച്

SFI DYFI LEFT JANTARMANTAR

ഇന്ന് സെൻട്രൽ പാർക്കിലേക്ക് നടത്തിയ തിരംഗാ മാർച്ചിന്റെ ദൃശ്യങ്ങൾ

വെബ് ഡെസ്ക്

Published on Oct 16, 2026, 08:35 PM | 1 min read

ന്യൂഡൽഹി: തിരംഗാ മാർച്ചിന് പിന്നാലെ ഡൽഹിയിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇടതുപക്ഷ സംഘടനകൾ. ശനിയാഴ്ചയും ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിലേക്ക് മാർച്ച് നടത്തും. വെള്ളിയാഴ്ച പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തും ബാരിക്കേഡുകൾ തീർത്തും തിരംഗാ മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ വിലക്കുകൾ ഭേദിച്ച് പതിനായിരങ്ങളാണ് ദേശീയപതാകയുമേന്തി സമരത്തിന് അണിനിരന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും സെൻട്രൽ പാർക്കിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 17നും സെൻട്രൽ പാർക്ക് അടച്ച് സമരത്തെ അടിച്ചമർത്താനുള്ള ശ്രമവും നിലനിൽക്കുന്നുണ്ട്.


ഡിവൈഎഫ്ഐ, എഐവൈഎഫ്, ഐസ തുടങ്ങിയ ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ പ്രക്ഷോഭത്തിൽ സജീവമാണ്. വെള്ളിയാഴ്ചത്തെ തിരംഗാ മാർച്ചിലും വിവിധ സംഘടനകളുടെ പ്രവർത്തകർ ദേശീയപതാകയുമായി അണിനിരന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും കൊണാട്ട് പ്ലേസിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തുചേർന്നും മുദ്രാവാക്യം മുഴക്കിയും സമരം തുടർന്നു. മണ്ഡി ഹൗസിൽനിന്ന് കൊണാട്ട് പ്ലേസിലേക്ക് നീങ്ങിയ ഐസ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഐസ പ്രസിഡന്റ് നേഹ ബോറ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു.


ഇടതുപക്ഷ എംപിമാരായ ജോൺ ബ്രിട്ടാസും എ എ റഹീമും പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുണ്ട്. എംപിമാരായ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹീം, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, തുടങ്ങിയവർ സമരത്തിന് മുന്നിലുണ്ട്.



വെള്ളിയാഴ്ച പൊലീസ് വിലക്കുകൾക്കിടയിലും ദേശീയപതാകകളുമായി പ്രതിഷേധക്കാർ കൊണാട്ട് പ്ലേസിൽ ഒത്തുകൂടിയിരുന്നു. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ മാർച്ചിന് പുറപ്പെടുന്നതിന് തൊട്ടുമുൻപ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥി സംഘടനകളുടെയും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുടെയും പിന്തുണയോടെയാണ് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നത്. ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ചതിന് അറസ്റ്റിലായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ മോചനവും പ്രക്ഷോഭകർ ആവശ്യപ്പെടുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home