അമൽ കോളേജിലെ ലാത്തിച്ചാർജ്; സ്വന്തം സർക്കാരിന്റെ പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ്

നിലമ്പൂർ: അമൽ കോളേജിലെ വിദ്യാർഥികൾക്കുനേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ്. വിദ്യാർഥികൾക്കുനേരെ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംഎസ്എഫ് നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനുപിന്നാലെ നടന്ന വിജയാഹ്ലാദ പ്രകടനത്തിനിടെ പൊലീസ് അനാവശ്യമായി ഇടപെട്ട് സംഘർഷമുണ്ടാക്കിയെന്നാണ് എംഎസ്എഫിന്റെ ആരോപണം. വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെ പെൺകുട്ടികൾക്കുനേരെ ഉൾപ്പെടെ ലാത്തിവീശിയെന്നും മുപ്പതോളം വിദ്യാർഥികൾക്ക് പരിക്കേറ്റെന്നും കമ്മിറ്റി വാർത്താക്കുറിപ്പിൽ ആരോപിച്ചു.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ കീഴിലുള്ള പൊലീസിനെതിരെ തന്നെ നടപടിയാവശ്യപ്പെട്ടാണ് എംഎസ്എഫ് രംഗത്തെത്തിയത്. വിദ്യാർഥികൾക്കുനേരെ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മേലുദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.








0 comments