'ദേശീയപതാകയേന്തുന്നവരെ നിങ്ങളെന്തിന് ഭയക്കുന്നു, ഗ്യാനുവിനെ പുറത്തുവിടൂ': പ്രകാശ് രാജ്

മാനവീയം വീഥിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ നിന്ന്. ഫോട്ടോ: എ ആര് അരുണ് രാജ്
തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന സമരം മോദിയെ ഭയപ്പെടുത്തിയിരിക്കുകയാണെന്നും നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും പ്രകാശ് രാജ്. മോദി, നിങ്ങൾ ഭയന്നിരിക്കുകയാണ്. നിങ്ങളുടെ അഹന്ത ഞങ്ങൾ തകർത്തുകഴിഞ്ഞു. ഒരു സ്വേച്ഛാധിപത്യത്തിനും ഞങ്ങളെ തടയാനാകില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 'ഹർ ഘർ തിരംഗ' ആഹ്വാനം ചെയ്തവര്, കയ്യിൽ ദേശീയപതാകയുമായി തെരുവിലിറങ്ങുന്ന യുവതലമുറയെ കസ്റ്റഡിയിലെടുത്ത് വേട്ടയാടുകയാണ്. ജനാധിപത്യപരമായ ചോദ്യങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ് കേന്ദ്ര സർക്കാർ പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും ഇറക്കി ഭീതി പരത്തുന്നത്. ഏതെങ്കിലും വ്യക്തികളോ നേതാക്കളോ നയിക്കുന്ന സമരമല്ല ഇതെന്നും, രാജ്യത്തെ യുവാക്കൾ ഏറ്റെടുത്ത വിപ്ലവകരമായ മുന്നേറ്റമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
'ഈ പ്രക്ഷോഭത്തെ നയിക്കുന്നത് ഏതെങ്കിലും നേതാക്കളല്ല. രാജ്യത്തെ യുവാക്കളാണ്. ഈ രാജ്യത്തെ ജെൻ സിയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇത് പുതിയ ഭാഷയാണ്, പുതിയ പ്രതിഷേധമാണ്. ഞങ്ങൾ ഭയപ്പെടുന്നില്ല. സമരം തുടരും, ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും. കേരളത്തിന് നന്ദി' പ്രകാശ് രാജ് വ്യക്തമാക്കി.
കുട്ടിക്കാലത്ത് മുതലകളെ പിടിച്ചിരുന്നുവെന്ന് വീമ്പിളക്കിയ മോദീ, നിങ്ങൾ ഇപ്പോൾ പാറ്റകളെ ഭയക്കുകയാണ്. മുതലകളെ പിടിക്കാൻ ധൈര്യമുണ്ടെന്ന് പറയുന്നവർ എന്തിനാണ് പാറ്റകളെ ഭയപ്പെടുന്നത്? ഞങ്ങൾ എസ്ഐആറിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ? നിങ്ങളുടെ ഗൂഢാലോചന ഞങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണോ?'. അദ്ദേഹം ചോദിച്ചു.
സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ളവർക്കെതിരായ പൊലീസ് നടപടികളെയും പ്രകാശ് രാജ് വിമർശിച്ചു. 'നിങ്ങൾ ദീപ്കെയെയും സൗരവിനെയും അശുതോഷിനെയും നേഹയെയും മാത്രമല്ല കസ്റ്റഡിയിലെടുത്തത്. ഞങ്ങളുടെ ഗ്യാനുവിനെയും നിങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. ഗ്യാനേഷ് കുമാറിനെ ജനകീയ കോടതിക്ക് മുന്നിൽ കൊണ്ടുവരൂ. ഞങ്ങൾക്ക് അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ഞങ്ങൾ രാജ്യത്തെ തെരഞ്ഞെടുപ്പ് കമീഷനോടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ഞങ്ങൾക്കും ഗ്യാനേഷിനുമിടയിൽ നിങ്ങൾ എന്തിനാണ് വരുന്നത്? ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവർത്തിക്കുന്ന പൊലീസിനെ ജനങ്ങൾക്കെതിരെ തന്നെ ഉപയോഗിക്കുന്നത് എന്തിനാണ്?'
പ്രതിഷേധക്കാരെ നേരിടാൻ പൊലീസിനെയും സുരക്ഷാസേനയെയും ഉപയോഗിക്കുന്നതിനൊപ്പം സംഘപരിവാർ ഗുണ്ടകളെയും രംഗത്തിറക്കകയാണ്. 'മോദി ഭയപ്പെടുമ്പോഴെല്ലാം പൊലീസിനെ മുന്നിൽ നിർത്തുകയാണ്. ജയിലുകളിൽനിന്ന് സംഘപരിവാർ ഗുണ്ടകളെ പുറത്തിറക്കി പ്രതിഷേധസ്ഥലങ്ങളിലേക്ക് അയക്കുന്നതും ഞങ്ങൾ കാണുന്നുണ്ട്. യുവാക്കളെ ആക്രമിക്കാൻ അവർക്ക് ലാത്തികൾ നൽകുകയാണ്. വനിതാ പ്രതിഷേധക്കാരോട് അപമര്യാദയായി പെരുമാറുന്നു. ഗുണ്ടകൾക്ക് ധരിക്കാനുള്ള യൂണിഫോമുകൾ വാഹനങ്ങളിൽ കൊണ്ടുവച്ചതും ഞങ്ങൾ കണ്ടതാണ്.'
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം വിമർശിച്ചു. 'രാജ്യത്തേക്ക് നുഴഞ്ഞുകയറ്റക്കാർ കടന്നുവരുന്നുവെന്ന് പറഞ്ഞാണ് എസ്ഐആർ ആരംഭിച്ചത്. അമിത് ഷാ, നിങ്ങളാണ് ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെന്ന കാര്യം മറന്നുപോയോ? ലക്ഷക്കണക്കിന് നുഴഞ്ഞുകയറ്റക്കാർ രാജ്യത്തുണ്ടെങ്കിൽ അത് നിങ്ങളുടെ വീഴ്ചയാണ്. നിങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. അത് ശരിയാക്കുന്നതിന് പകരം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. കാരണം അദ്ദേഹം നിങ്ങളുടെ ഏജന്റാണ്.'
ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ മുന്നിലേക്ക് വരൂ. ഗ്യാനേഷ് കുമാറിനെയും കൊണ്ടുവരൂ. ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കും. നിങ്ങൾ പറയുന്നതാണ് ശരിയെങ്കിൽ ജയിലിൽ പോകാനും തയ്യാറാണ്'. പ്രകാശ് രാജ് വ്യക്തമാക്കി.
ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന തിരംഗാ മാർച്ചിന് കടുത്ത പൊലീസ് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. മാർച്ചിന്റെ സംഘാടകനായ അഭിജീത് ദീപ്കെയെ മുൻകൂട്ടി കസ്റ്റഡിയിലെടുത്തിരുന്നു. ജന്തർമന്തറിലെ പ്രതിഷേധത്തെത്തുടർന്ന് അറസ്റ്റിലായ സൗരവ് ദാസും ആശുതോഷ് റാങ്കയും തിഹാർ ജയിലിലാണ്.








0 comments