ഇന്ത്യയിൽ പരമ്പര കളിച്ചിട്ടും വരുമാനവിഹിതമില്ല; ഐസിസിക്കെതിരെ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ്

ടീം വെസ്റ്റ് ഇൻഡീസ്| Photo: BCCI
ന്യൂഡൽഹി : ഇന്ത്യയിൽ പരമ്പര കളിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിൽ വെസ്റ്റ് ഇൻഡീസിന് വിഹിതമൊന്നും ലഭിക്കില്ലെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഡെഹ്റിങ്. പരമ്പരകളിൽ ആതിഥേയ രാജ്യത്തിന് മുഴുവൻ വരുമാനവും ലഭിക്കുന്ന രീതിക്കെതിരെയാണ് വിമർശനം.
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നിലവിലെ പരമ്പരയിലൂടെ 2–3 കോടി ഡോളർ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിൽനിന്ന് വെസ്റ്റ് ഇൻഡീസിന് ഒന്നും ലഭിക്കില്ലെന്നും ഡെഹ്റിങ് വ്യക്തമാക്കി. 1997ൽ ഐസിസി അംഗീകരിച്ച സാമ്പത്തിക മാതൃകയാണ് കരീബിയൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് വഴിവച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഈ മാതൃക വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ പ്രധാന വരുമാനമാർഗം ഇല്ലാതാക്കിയെന്നും ഡെഹ്റിങ് കൂട്ടിച്ചേർത്തു. 150 കോടി ജനങ്ങളുള്ള ഇന്ത്യയിൽ പരമ്പരകൾ സംഘടിപ്പിക്കുമ്പോൾ ലഭിക്കുന്ന വരുമാനം ആതിഥേയ രാജ്യത്തിന് നിലനിർത്താനാകും.
എന്നാൽ ആന്റിഗ്വ, സെന്റ് കിറ്റ്സ് തുടങ്ങിയ ചെറിയ ജനസംഖ്യയുള്ള കരീബിയൻ ദ്വീപുകൾക്ക് സ്വന്തം നാട്ടിൽ പരമ്പരകൾ നടത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം പരിമിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാനും കരാർ കാലാവധി ചുരുക്കാനും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് അടുത്തിടെ തീരുമാനിച്ചിരുന്നു. പ്രതിഫലത്തെച്ചൊല്ലിയുള്ള അതൃപ്തിയും ട്വന്റി20 ലീഗുകൾക്ക് മുൻഗണന നൽകുന്ന താരങ്ങളുടെ വർധനയും ടീമിനെ ബാധിക്കുന്നുണ്ട്. നിലവിൽ ഐസിസിയുടെ ആകെ വരുമാനത്തിൽ വെസ്റ്റ് ഇൻഡീസിന് ഏകദേശം അഞ്ച് ശതമാനം മാത്രമാണ് വിഹിതം ലഭിക്കുന്നത്.









0 comments