ഡാറ്റാ നെറ്റ്വർക്ക് തകരാർ; ഇറ്റലിയിൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി

പ്രതീകാത്മക ചിത്രം
റോം: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തെ ബാധിച്ച സാങ്കേതിക തകരാറിനെ തുടർന്ന് ഇറ്റലിയിൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും നിരവധി സർവീസുകൾ വൈകുകയും ചെയ്തു. വെള്ളിയാഴ്ച ആരംഭിച്ച പ്രശ്നം രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. സൈബർ ആക്രമണമല്ല തകരാറിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
രാജ്യവ്യാപകമായി വിമാന ഗതാഗത നിയന്ത്രണത്തിന് സഹായിക്കുന്ന ഡാറ്റാ ട്രാൻസ്മിഷൻ നെറ്റ്വർക്കിൽ അസാധാരണമായ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി വ്യോമഗതാഗത അതോറിറ്റിയായ ഇനാവ് (ENAV) അറിയിച്ചു.
ഗ്രീൻവിച്ച് സമയം രാവിലെ പത്ത് മണിയോടെ 192 വിമാനങ്ങൾ റദ്ദാക്കിയതായി വ്യോമയാന വിശകലന കമ്പനിയായ സിറിയം കണക്കാക്കി. ഇറ്റാലിയൻ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെട്ട വിമാനങ്ങളിൽ ഏകദേശം 31 ശതമാനം മാത്രമാണ് കൃത്യസമയത്ത് സർവീസ് നടത്തിയത്. മിലാനിലെ മാൽപെൻസയിൽ ഇത് 25 ശതമാനവും റോമിലെ ഫ്യൂമിച്ചിനോയിൽ 28 ശതമാനവുമായിരുന്നു.
ബദൽ ഉപഗ്രഹ നെറ്റ്വർക്ക് ഉപയോഗിച്ച് വിമാനത്താവളങ്ങളുടെ പ്രവർത്തനശേഷിയുടെ 75 ശതമാനം പുനഃസ്ഥാപിച്ചതായി ഇനാവ് അറിയിച്ചു. പ്രധാന ഡാറ്റാ നെറ്റ്വർക്കിന്റെ പ്രവർത്തനം പൂർണമായി വീണ്ടെടുക്കാൻ സേവനദാതാക്കളുമായി ചേർന്ന് ശ്രമം തുടരുകയാണ്.
സാങ്കേതിക തകരാർ കാരണം കൂടുതൽ വിമാനങ്ങൾ വൈകാനോ റദ്ദാക്കാനോ സാധ്യതയുണ്ടെന്ന് റോമിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ എഡിആർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുമായി ബന്ധപ്പെടാനും നിർദേശിച്ചു. മിലാനിലെ വിമാനത്താവള നടത്തിപ്പുകാരായ സീയും സമാനമായ അറിയിപ്പ് നൽകി.
ഇതിനുപുറമേ, കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഈസിജെറ്റിലെ ക്യാബിൻ ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്കും യാത്രാതടസ്സങ്ങൾ വർധിപ്പിക്കാനിടയുണ്ട്. സാങ്കേതിക പ്രശ്നം പൂർണമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനാൽ വിമാന സർവീസുകൾ സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.









0 comments