ad
Deshabhimani

ആഗോള എബോള അടിയന്തരാവസ്ഥ: ജാഗ്രത ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

Congo Ebola
വെബ് ഡെസ്ക്

Published on May 22, 2026, 06:59 PM | 1 min read

ന്യൂഡൽഹി: കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ, രാജ്യത്ത് പ്രതിരോധ നടപടികൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.


എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക ജാഗ്രതാ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടു.


നിലവിൽ ആഫ്രിക്കൻ മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ എബോള വ്യാപന സാധ്യത കുറവാണെങ്കിലും, അന്താരാഷ്ട്ര വ്യാപാരവും യാത്രകളും വർദ്ധിച്ച സാഹചര്യത്തിൽ ആരോഗ്യസംവിധാനങ്ങൾ സജ്ജമായിരിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.


വിദേശയാത്രാ ചരിത്രമുള്ളവരിലെ അസാധാരണ പനി, പേശി വേദന, തൊണ്ടവേദന, ഛർദ്ദി, വയറിളക്കം, കണ്ണുകളിലെ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന് നിർദ്ദേശം നൽകി.


സംശയാസ്പദമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾ പ്രത്യേക ഐസൊലേഷൻ വാർഡുകളും സജ്ജീകരണങ്ങളുള്ള ആംബുലൻസുകളും മാറ്റിവെക്കണം. സംശയാസ്പദമായ സാമ്പിളുകൾ പരിശോധിക്കാൻ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂർണ്ണസജ്ജമാണ്.


വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കാനും സാമ്പിളുകൾ വേഗത്തിൽ എൻഐവിയിൽ എത്തിക്കാനും ഏകോപന സമിതികൾ രൂപീകരിക്കും.


രോഗനിർണ്ണയം, സാമ്പിൾ ശേഖരണം, ആശുപത്രികളിലെ അണുബാധ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്.


ആശുപത്രികളിൽ ട്രിയാഷ് സംവിധാനങ്ങളും ബയോമെഡിക്കൽ മാലിന്യ സംസ്കരണവും കർശനമാക്കാൻ നിർദ്ദേശമുണ്ട്. അതോടൊപ്പം, ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുന്ന വ്യാജവാർത്തകൾ തടയാൻ കൃത്യമായ വിവരങ്ങൾ ഔദ്യോഗികമായി കൈമാറണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home