വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത്: ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങൾ കർശനമാക്കി റെയിൽവേ; വൈകിയാൽ റീഫണ്ടില്ല

ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് II ട്രെയിനുകളിലെ ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങളിൽ നിർണ്ണായക മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. പുതിയ പരിഷ്കാരം അനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് റദ്ദാക്കിയില്ലെങ്കിൽ യാത്രക്കാർക്ക് പണം തിരികെ ലഭിക്കില്ല.
സാധാരണ ട്രെയിനുകളിൽ ഇത് നാല് മണിക്കൂറാണ്. ജനുവരി 16-ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ ചട്ടങ്ങൾ വ്യക്തമാക്കുന്നത്. യാത്രക്കാർക്ക് ഉറപ്പായ ബെർത്തുകൾ മാത്രം നൽകുന്ന വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് II എന്നീ ട്രെയിനുകൾക്കാണ് ഈ നിബന്ധനകൾ ബാധകം.
ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പേ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ടിക്കറ്റ് തുകയുടെ 25 ശതമാനം ക്യാൻസലേഷൻ ചാർജായി ഈടാക്കും.
72 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ സമയപരിധിക്കുള്ളിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് തുകയുടെ 50 ശതമാനം നഷ്ടപ്പെടും. സാധാരണ ട്രെയിനുകളിൽ 48 മണിക്കൂർ മുതൽ 12 മണിക്കൂർ വരെയുള്ള റദ്ദാക്കലിന് 25 ശതമാനവും, 12 മണിക്കൂർ മുതൽ 4 മണിക്കൂർ വരെ 50 ശതമാനവുമാണ് ഈടാക്കുന്നത്.
എന്നാൽ പ്രീമിയം ട്രെയിനുകളിൽ സീറ്റുകൾ ഒഴിവ് വരുന്നത് ഒഴിവാക്കാനാണ് റെയിൽവേ നിയമങ്ങൾ കർശനമാക്കിയത്. ഈ മാസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത പുതിയ വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് II ട്രെയിനുകൾക്ക് ഈ നിയമം ബാധകമായിരിക്കും.
മുൻപ് വന്ദേ ഭാരത് ട്രെയിനുകളിൽ മാത്രം ഈ മാറ്റം കൊണ്ടുവരുന്നു എന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ഇപ്പോൾ നിയമമായി പുറത്തിറക്കുകയാണ് റെയിൽവേ.










0 comments