മധ്യപ്രദേശിൽ സ്കൂൾ കുട്ടികൾക്ക് ഭക്ഷണം നൽകിയത് പുസ്തകത്തിൽ നിന്ന് കീറിയെടുത്ത കടലാസിൽ

മൈഹാർ: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് നേരെ കടുത്ത അവഗണന. മൈഹാറിലെ ഒരു സർക്കാർ സ്കൂളിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകിയ പ്രത്യേക ഉച്ചഭക്ഷണം കുട്ടികൾക്ക് വിളമ്പിയത് പുസ്തകത്താളുകളിലാണെന്ന വാർത്ത പുറത്തുവന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ബിജെപി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. സ്കൂളിൽ പാത്രങ്ങളുടെ ലഭ്യതയില്ലെന്ന കാരണം പറഞ്ഞാണ് കുട്ടികൾക്ക് കീറിയ പുസ്തകത്താളുകളിൽ ഭക്ഷണം നൽകിയത്.
റിപ്പബ്ലിക് ദിനത്തിൽ ലഡുവും മറ്റ് വിഭവങ്ങളും നൽകിയപ്പോഴും ഇത് വിളമ്പാൻ പാത്രങ്ങൾ കരുതിയിരുന്നില്ല. തറയിലിരുന്ന് പുസ്തകത്താളുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയുടെ ദയനീയാവസ്ഥ തുറന്നുകാട്ടുന്നതാണ്.
നേരത്തെയും മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ സമാനമായ രീതിയിൽ പേപ്പറിൽ ഭക്ഷണം നൽകിയത് വലിയ വിവാദമായിരുന്നു. അന്ന് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
കുട്ടികളുടെ അന്തസ്സ് പോലും കണക്കിലെടുക്കാതെയുള്ള ഇത്തരം നടപടികൾക്കെതിരെ സ്കൂൾ അധികൃതർക്കെതിരെ നടപടി വേണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.










0 comments