കരൂർ ദുരന്തം: ആൾക്കൂട്ട നിയന്ത്രണത്തിൽ ടിവികെയ്‌ക്ക് വീഴ്ച, മൊഴി നൽകി തമിഴ്നാട് പൊലീസ്

ചെന്നൈ: കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ കടുത്ത ആരോപണവുമായി തമിഴ്‌നാട് പൊലീസ്.
പരിപാടിയുടെ സംഘാടനത്തിലും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പാർട്ടി പ്രവർത്തകർക്ക് വലിയ വീഴ്ച സംഭവിച്ചതായി പൊലീസ് സിബിഐക്ക് മൊഴി നൽകി.
റാലിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം പ്രതീക്ഷിച്ചതിലും അധികമായിരുന്നുവെന്നും എന്നാൽ ഇത് മുൻകൂട്ടി കണ്ട് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ടിവികെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിജയ്‍യുടെ വരവ് വൈകിയതും ജനക്കൂട്ടത്തിനിടയിൽ അക്ഷമ പടരാൻ കാരണമായി.
കൃത്യമായ ആസൂത്രണമില്ലാതെ പരിപാടി നടത്തിയത് വലിയ ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഭരണകക്ഷിയായ ഡിഎംകെയും പൊലീസും തങ്ങളെ ബോധപൂർവം ലക്ഷ്യം വെക്കുകയാണെന്ന് ടിവികെ നേതൃത്വത്തിന്റെ ആരോപണം.
സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സർക്കാരിന്റെ വീഴ്ച മറച്ചുപിടിക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പാർട്ടി വക്താക്കൾ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ കോടതി നിയോഗിച്ചിട്ടുണ്ട്.
കേസിൽ നിലവിൽ സാക്ഷിപട്ടികയിലാണ് വിജയ്. രണ്ടാംതവണയും സിബിഐ ദേശീയ ആസ്ഥാനത്ത് വിജയ്‍യുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്‌ചയും വിജയ്‌യെ ചോദ്യം ചെയ്‌തിരുന്നു.
പരിപാടി നടന്ന സ്ഥലത്തേക്ക് എത്താൻ വൈകിയതിലടക്കം വിജയ് നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിക്കും.









0 comments