രാജ്യത്തെ മോദി ട്രംപിന് അടിയറവ് വെച്ചു; ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ ജോൺ ബ്രിട്ടാസ് എംപി

ന്യൂഡൽഹി: ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭാ എംപി ഡോ ജോൺ ബ്രിട്ടാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ താൽപ്പര്യങ്ങൾ അമേരിക്കയ്ക്ക് അടിയറവ് വെച്ചുവെന്നും കരാർ പ്രകാരം രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ അമേരിക്കയ്ക്ക് നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിയാണ് ഡോണാൾഡ് ട്രംപ് കരാർ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്, ട്രംപ് അല്ല എന്ന കാര്യമെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണം.
അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുകയാണ് മോദിയെന്നും ബ്രിട്ടാസ് പരിഹസിച്ചു. രാത്രി വൈകി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ നടത്തിയ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി മറുപടി നൽകിയത് അപമാനകരമാണ്.
കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണിത്. അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കാനുള്ള സമ്മർദ്ദതന്ത്രമായിരുന്നു താരിഫ് വർധന. ഈ സമ്മർദ്ദത്തിന് വഴങ്ങി മോദി ട്രംപിന് കീഴ്‌പ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ സ്വാഭിമാനം മോദി ഇസ്രയേലിൽ വെച്ച് ട്രംപിന്റെയും എപ്‌സ്റ്റീന്റെയും കാല്ക്കൽ പണയം വെച്ചുവെന്നും ബ്രിട്ടാസ് ആഞ്ഞടിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുന്നതുൾപ്പെടെയുള്ള ധാരണകൾ ട്രംപും മോദിയും തമ്മിലുണ്ടായത്. ഇതിന് പകരമായി വെനസ്വേലയിൽ നിന്ന് അമേരിക്കൻ കമ്പനികളുടെ നേതൃത്വത്തിൽ ഇന്ത്യ എണ്ണ വാങ്ങുമെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു.










0 comments