വൈദ്യുതി തടസം; ഉദ്യോഗസ്ഥരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കോൺഗ്രസ് എംഎൽഎ

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരുടെ വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കോൺഗ്രസ് എംഎൽഎ. ഹരിദ്വാറിലെ ജാബ്രിഡ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ വീരേന്ദ്ര ജതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
വൈദ്യുതി വകുപ്പിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികളിലേക്കുള്ള കണക്ഷനാണ് എംഎൽഎ നേരിട്ട് പോസ്റ്റിൽ കയറി മുറിച്ചത്. ചൊവ്വാഴ്ച അനുയായികൾക്കും ഏണി ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കുമൊപ്പമാണ് എംഎൽഎ റൂർക്കിയിലെത്തിയത്.
ബോട്ട് ക്ലബ്ബിന് സമീപമുള്ള സൂപ്രണ്ടിംഗ് എൻജിനീയർ വിവേക് രാജ്‌പുത്തിന്റെ വസതിക്ക് പുറത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഏണി വെച്ച് കയറിയ എംഎൽഎ കണക്ഷൻ വിച്ഛേദിച്ചു. ഇതിനുപിന്നാലെ ചീഫ് എൻജിനീയർ അനുപം സിംഗ്, എക്‌സിക്യൂട്ടീവ് എൻജിനീയർ വിനോദ് പാണ്ഡെ എന്നിവരുടെ വസതികളിലെയും വൈദ്യുതി ബന്ധം അദ്ദേഹം മുറിച്ചു മാറ്റുകയായിരുന്നു.
തന്റെ മണ്ഡലത്തിൽ പ്രതിദിനം അഞ്ചു മുതൽ എട്ടു മണിക്കൂർ വരെ അപ്രഖ്യാപിത ലോഡ്ഷെഡിംഗ് നടക്കുകയാണെന്ന് വീരേന്ദ്ര ജതി ആരോപിച്ചു.കഴിഞ്ഞ പത്തു ദിവസമായി ഈ പ്രശ്നം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരു മണിക്കൂർ വൈദ്യുതി പോയപ്പോൾ തന്നെ ഉദ്യോഗസ്ഥർ പരിഭ്രാന്തരായെന്നും, മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരന്റെ അവസ്ഥ ഇവർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ നടപടിക്കെതിരെ വൈദ്യുതി വകുപ്പ് റൂർക്കി സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ വൈദ്യുതി ലൈൻ മുറിച്ചത് വലിയ അപകടത്തിന് കാരണമാകുമായിരുന്നുവെന്നും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments