ad
Deshabhimani

ഇടതുപക്ഷത്തെ ആക്രമിക്കാൻ വർഗീയ– സാമ്രാജ്യത്വ ശക്തികൾ ഒറ്റക്കെട്ട്‌: പിണറായി

cm pinarayi
വെബ് ഡെസ്ക്

Published on Aug 02, 2026, 08:02 PM | 2 min read

കൊച്ചി: ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നതിൽ വർഗീയ, സാമ്രാജ്യത്വ ശക്തികൾ ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷത്ത് നിൽക്കുന്നുവെന്നുപറഞ്ഞ്‌ ഇടതുപക്ഷത്തെ ആക്രമിച്ചാൽ വലതുപക്ഷത്തിന്റെ കയ്യടിയും സ്വീകാര്യതയും ഏറും. എന്നാൽ പ്രൊഫ. എം കെ സാനു ഒരിക്കലും ഇടതുപക്ഷത്തെ കരിവാരിത്തേച്ച്‌ സ്വന്തം യശസ് വിളക്കാൻ ശ്രമിച്ചില്ലെന്നും പിണറായി പറഞ്ഞു. പ്രൊഫ. എം കെ സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ ‘സാനു സമ്മാനം 2026’ മലയാളത്തിന്റെ എഴുത്തമ്മ ഡോ. എം ലീലാവതിക്ക്‌ സമർപ്പിക്കുകയായിരുന്നു പിണറായി.


എന്നും ഇടതുപക്ഷമായിരുന്നു എം കെ സാനു. വ്യാജ രീതികൾ ഉപയോഗിച്ച്‌ തിളക്കിയെടുക്കണ്ടേതില്ലാത്ത ഭദ്രമായ സ്ഥാനം തനിക്കുണ്ടെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യമുണ്ടായിരുന്നു. അതില്ലാത്തവർക്കാണ്‌ തങ്ങളിവിടെയുണ്ടെന്ന്‌ അറിയിക്കാൻ മറിച്ചുള്ള നിലപാട്‌ സ്വീകരിക്കേണ്ടിവരുന്നത്‌. നവോത്ഥാന മൂല്യങ്ങളിൽ അധിഷ്‌ഠിതമായ നവകേരളം അദ്ദേഹം സ്വപ്‌നം കണ്ടു. അത്‌ യാഥാർഥ്യമാക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന്‌ വിശ്വസിച്ചു. എൽഡിഎഫ്‌ സർക്കാർ രണ്ടാമതും അധികാരത്തിലെത്താൻ പ്രായാധിക്യം അവഗണിച്ച്‌ അദ്ദേഹം യത്‌നിച്ചിരുന്നു. തുടർഭരണം അപകടമെന്ന്‌ അദ്ദേഹത്തിന്‌ തോന്നിയിരുന്നില്ല. ശ്രീനാരാണഗുരുവിന്റെ ആദർശങ്ങൾ ജീവിതത്തിൽ പാലിച്ചും ലളിതജീവിതം നയിച്ചും കമ്യൂണിറ്റ്‌ ആശയങ്ങളിൽ ആകൃഷ്ടനായും സമൂഹമുന്നേറ്റത്തിായി അദ്ദേഹം കർമോത്സുകനായി പ്രവർത്തിച്ചു.


എം ലീലാവതിയുടെ ജീവിതവും എഴുത്തും മനുഷ്യപക്ഷത്താണ്‌. ഗാസയിലെ കുഞ്ഞുങ്ങളെ അമേരിക്കയും ഇസ്രയേലും ചേർന്ന്‌ കൊന്നൊടുക്കുന്പോൾ തനിക്ക്‌ ആഹാരം ഇറങ്ങുന്നില്ലെന്ന്‌ പറഞ്ഞു. അതിനെതിരെയുണ്ടായ സൈബർ ആക്രമണം സമൂഹം ചെന്നുപെട്ട ജീർണതയുടെ ആഴം വ്യക്തമാക്കുന്നു. തന്റേതായ ശൈലി നിരൂപണത്തിൽ ലീലാവതി ആവിഷ്‌രിച്ചു. സാനുവും ലീലാവതിയും സാമൂഹ്യജീവിതത്തെ പ്രകാശപൂർണമാക്കിയെന്നും പിണറായി പറഞ്ഞു.


സാനു അനുസ്‌മരണ സമ്മേളനവും പിണറായി ഉദ്‌ഘാടനം ചെയ്‌തു. യുവപ്രതിഭ പുരസ്‌കാരം ഡോ. വിനിൽ പോളിന് സമ്മാനിച്ചു. സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ്‌ എൻ എസ് മാധവൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്‌, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ്‌ ശർമ, സി എം ദിനേശ്‌മണി, എം അനിൽകുമാർ, എഴുത്തുകാരി തനൂജ ഭട്ടതിരി, ഡോ. കെ ജി പ‍ൗലോസ്‌, കെ വി തോമസ്‌, എന്നിവർ സംസാരിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സതീഷ്‌ സ്വാഗതവും ജോൺ ഫെർണാണ്ടസ്‌ നന്ദിയും പറഞ്ഞു. പ്രമുഖ പത്രപ്രവർത്തകൻ ആർ രാജഗോപാലും ഡോ. സുനിൽ പി ഇളയിടവുമായുള്ള സംവാദവുമുണ്ടായി. എം ലീലാവതിയുടെയും എം കെ സാനുവിന്റെയും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഒരുലക്ഷം രൂപയും ഉണ്ണി കാനായി രൂപകൽപനചെയ്ത ശില്പവും കീർത്തിപത്രവുമാണ് സാനുസമ്മാനം. 25,000 രൂപയും ശില്പവും കീർത്തിപത്രവുമാണ് യുവപ്രതിഭ പുരസ്‌കാരം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home