ട്രെയിനിൽ ഫോണുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ; 14 ഫോണുകൾ കണ്ടെടുത്തു

കൊച്ചി: ട്രെയിനിലും റെയിൽവേ സ്‌റ്റേഷനിലും ഫോണുകൾ മോഷ്ടിക്കുന്ന അന്തർസംസ്ഥാന സംഘം പിടിയിൽ. എറണാകുളം ആർപിഎഫ് യൂണിറ്റും ആർപിഎഫ് ക്രൈം ഇന്റലിജൻസും എറണാകുളം റെയിൽവേ പൊലീസും ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. തൃശൂർ, ആലുവ, എറണാകുളം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രികരിച്ച് സ്ഥിരമായി ട്രെയിനിൽനിന്ന് ഫോണുകൾ മോഷ്ടിക്കുന്ന ബംഗാൾ സ്വദേശികളായ ബൽറാം നുനിയ, ഭവാനി മോഹൻ പാണ്ഡേ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽനിന്ന് അഞ്ചുലക്ഷം രൂപ വിലവരുന്ന 14 ഫോണുകൾ കണ്ടെടുത്തു.
ഒരാഴ്ചയായി എറണാകുളം സൗത്ത്, ആലുവ, തൃശൂർ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. ട്രെയിൻ എത്തുമ്പോഴും പുറപ്പെടുന്നതിനുമുമ്പും തിരക്കുണ്ടാകുമ്പോഴാണ് മോഷണം കൂടുതലും നടത്തിയിരുന്നത്. സംഘത്തിലുള്ള, പ്രായപൂർത്തിയാകാത്തയാളെ ഉപയോഗിച്ചായിരുന്നു ഫോണുകൾ കൂടുതലും തട്ടിയെടുത്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്.
ആർപിഎഫ് എറണാകുളം സൗത്ത് ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, ക്രൈം ഇന്റലിജന്റ്‌സ് ഇൻസ്‌പെക്ടർ എ കെ ജിപിൻ, ഇൻസ്‌പെക്ടർ കെ ബാലൻ, എസ്എച്ച്ഒ നിസാറുദിൻ, ക്രൈം ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരായ എസ്ഐ പ്രെയ്‌സ് മാത്യു, എഎസ്ഐ വിജയകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടകൂടിയത്. പിടിച്ചെടുത്ത ഫോണുകളും കോടതിയിൽ ഹാജരാക്കി.









0 comments