ad
Deshabhimani

പ്രതിദിന കൂലി വെറും 66 രൂപ; കൂലി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഢിൽ ഉച്ചഭക്ഷണ പാചകക്കാരുടെ സമരം

Chattisgarh.jpg
വെബ് ഡെസ്ക്

Published on Jan 19, 2026, 06:41 PM | 1 min read

റായ്‌പൂർ: ഉച്ചഭക്ഷണ പാചകക്കാർക്ക് പ്രതിദിനം ലഭിക്കുന്നത് വെറും 66 രൂപ. തുച്ഛമായ വേതനത്തിനെതിരെ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്‌പൂരിൽ പാചകത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു.


പ്രതിദിന വേതനം 400 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് സ്ത്രീകളാണ് 22 ദിവസമായി സമരരംഗത്തുള്ളത്. ഛത്തീസ്ഗഢ് സ്കൂൾ മധ്യാഹ്ന ഭോജൻ രസോയ സംയുക്ത സംഘിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.


ഏകദേശം 87,000 പാചകക്കാരാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ജോലി ചെയ്യുന്നത്. ഇവരിൽ 95 ശതമാനവും ഗ്രാമീണ-ആദിവാസി മേഖലകളിൽ നിന്നുള്ള സ്ത്രീകളാണ്. നിലവിൽ പ്രതിമാസം 2,000 രൂപ മാത്രമാണ് ഇവർക്ക് ലഭിക്കുന്ന ഓണറേറിയം.


ഇത് വർഷത്തിൽ 10 മാസത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. കേരളം, പുതുച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പാചകക്കാർക്ക് മാന്യമായ വേതനം ലഭിക്കുമ്പോൾ, ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢിൽ തങ്ങൾ അടിമവേല ചെയ്യേണ്ടി വരികയാണെന്ന് പ്രതിഷേധക്കാർ പറയുന്നു.


കടുത്ത വിലക്കയറ്റത്തിൽ ഈ തുച്ഛമായ തുക കൊണ്ട് കുടുംബം പുലർത്താൻ കഴിയില്ലെന്ന് പാചകക്കാർ ചൂണ്ടിക്കാട്ടുന്നു. കനത്ത പുകയേറ്റ് ജോലി ചെയ്യുന്നതിനാൽ പലർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കാഴ്ചശക്തി കുറയുന്നതായും പരാതിയുണ്ട്. സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് സംഘടന അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home