ad
Deshabhimani

സെക്രട്ടേറിയറ്റിന് തൊട്ടടുത്ത് ഗോവധം; മധ്യപ്രദേശിൽ 260 പശുക്കളെ അറുത്തു, 26 ടൺ ഇറച്ചി പിടികൂടി

Madhyapradesh.jpg
വെബ് ഡെസ്ക്

Published on Jan 19, 2026, 07:40 PM | 1 min read

ഭോപാൽ: കടുത്ത ഗോവധ നിരോധന നിയമങ്ങൾ നിലനിൽക്കുന്ന മധ്യപ്രദേശിൽ സർക്കാരിനെ വെട്ടിലാക്കി വൻ ഗോവധം പുറത്തുവന്നു. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഭോപാൽ മുൻസിപ്പൽ കോർപ്പറേഷന്റെ ആധുനിക അറവുശാലയിലാണ് 260-ഓളം പശുക്കളെ അറുത്തതായി കണ്ടെത്തിയത്.


ഇവിടെ നിന്ന് കടത്താൻ ശ്രമിച്ച 26 ടൺ ഇറച്ചി കഴിഞ്ഞ ഡിസംബറിൽ പിടികൂടിയിരുന്നു. ഇതിന്റെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് കൊല്ലപ്പെട്ടത് പശുക്കളാണെന്ന് സ്ഥിരീകരിച്ചത്. ഭോപാൽ മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള 'ജിൻസി' അറവുശാലയിലാണ് നിയമവിരുദ്ധമായി പശുക്കളെ അറുത്തത്.


എരുമകളെ അറുക്കാൻ മാത്രമാണ് ഈ കേന്ദ്രത്തിന് അനുമതിയുള്ളത്. പിടികൂടിയ ഇറച്ചി എരുമ ഇറച്ചിയാണെന്ന് മുനിസിപ്പൽ വെറ്ററിനറി ഡോക്ടർ ആദ്യം സർട്ടിഫിക്കറ്റ് നൽകിയിരുന്നു. എന്നാൽ മഥുരയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഇത് പശു ഇറച്ചിയാണെന്ന് തെളിഞ്ഞു.


ഇതോടെയാണ് ബിജെപി സർക്കാർ പ്രതിരോധത്തിലായത്. സംഭവവുമായി ബന്ധപ്പെട്ട് മുനിസിപ്പൽ വെറ്ററിനറി ഡോക്ടർ ബി.പി ഗൗർ ഉൾപ്പെടെ പത്ത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അറവുശാലയുടെ കരാറുകാരനായ അസ്‌ലം ഖുറേഷിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


35 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക അറവുശാല ഉദ്ഘാടനം ചെയ്ത് ഒരു മാസം തികയും മുൻപാണ് ഈ ക്രമക്കേട് നടന്നത്. പശു സംരക്ഷണത്തിനായി പ്രത്യേക വർഷമായി ആചരിക്കുന്നതിനിടെ തലസ്ഥാന നഗരിയിൽ തന്നെ ഇത്രയും വലിയ നിയമലംഘനം നടന്നത് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായി.


സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ കോൺഗ്രസും വലതുപക്ഷ സംഘടനകളും തെരുവിലിറങ്ങി. നിലവിൽ ഈ അറവുശാല നഗരസഭ എന്നെന്നേക്കുമായി അടച്ചുപൂട്ടിയിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home