ഇന്ത്യയിൽ ആദ്യത്തെ 'എലവേറ്റഡ്' ടെർമിനൽ; ബംഗളൂരുവിൽ ചൈനീസ് മാതൃകയിൽ റെയിൽവേ സ്റ്റേഷൻ

ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ സജ്ജമായ 'എലവേറ്റഡ്' റെയിൽവേ ടെർമിനൽ ബംഗളൂരുവിലെ യെലഹങ്കയിൽ. ചൈനയിലെ ഹാങ്‌ഷൗ റെയിൽവേ സ്റ്റേഷന്റെ മാതൃകയിൽ 6000 കോടി രൂപ ചിലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.
ഭൂമിയുടെ ലഭ്യത കുറഞ്ഞ നഗരപ്രദേശങ്ങളിൽ ലംബമായ വികസനം ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവള മാതൃകയിലുള്ള ടെർമിനലിൽ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ലോർ എന്നിവയ്ക്ക് പുറമെ മൂന്ന് നിലകൾ കൂടിയുണ്ടാകും.
ട്രെയിൻ ട്രാക്കുകൾ താഴത്തെ നിലകളിലും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മുകളിലെ നിലകളിലുമായി ക്രമീകരിക്കും. നിലവിലെ യെലഹങ്ക സ്റ്റേഷനിലെ 5 പ്ലാറ്റ്‌ഫോമുകളിൽ നിന്നും 16 ആയി ശേഷി വർദ്ധിപ്പിക്കും.
നമ്മ മെട്രോയുടെ ബ്ലൂ ലൈനിലെ കോഗിലു ക്രോസ് സ്റ്റേഷനുമായി ടെർമിനലിനെ നേരിട്ട് ബന്ധിപ്പിക്കും. റെയിൽ വീൽ ഫാക്ടറിയുടെ 15 ഏക്കറോളം ഭൂമിയും സ്വകാര്യ ഭൂമിയും ഉൾപ്പെടെ 20 ഏക്കറിലാണ് പദ്ധതി നടപ്പാക്കുന്നത്.
കെഎസ്ആർ ബംഗളൂരു, യശ്വന്ത്പൂർ, ബയ്യപ്പനഹള്ളി (എം. വിശ്വേശരയ്യ ടെർമിനൽ) എന്നിവയ്ക്ക് ശേഷം നഗരത്തിലെ നാലാമത്തെ പ്രധാന ടെർമിനലായി ഇത് മാറും. ബംഗളൂരു നഗരത്തിലെയും വടക്കൻ ബംഗളൂരുവിലെയും വർദ്ധിച്ചുവരുന്ന യാത്രാത്തിരക്ക് കുറയ്ക്കാൻ ഈ പുതിയ ടെർമിനൽ സഹായിക്കും.
ദക്ഷിണ പശ്ചിമ റെയിൽവേ തയ്യാറാക്കിയ ഈ പദ്ധതിയുടെ നിർദ്ദേശം നിലവിൽ റെയിൽവേ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിലായിരിക്കും നിർമ്മാണം.










0 comments