ad
Deshabhimani

മറ്റ് മതങ്ങളിലേക്ക് മാറുന്നതിലൂടെ ജാതി വ്യക്തിത്വം ഇല്ലാതാകും; സംവരണാനുകൂല്യം നഷ്ടമാകും: വിവാദ വിധിയുമായി സുപ്രീംകോടതി

supreme court rules on legislative bills presidential reference
വെബ് ഡെസ്ക്

Published on Mar 24, 2026, 01:08 PM | 1 min read

ന്യൂഡൽഹി: പട്ടികജാതി (എസ്‌സി) പദവി ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമാണെന്ന് സുപ്രീംകോടതി. ക്രിസ്ത്യൻ, ഇസ്‌ലാം തുടങ്ങിയ ഇതര മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതോടെ ഒരാൾക്ക് പട്ടികജാതി പദവി നഷ്ടമാകുമെന്നും ഇത്തരക്കാർക്ക് സംവരണാനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.


1950-ലെ ഭരണഘടനാ (ഷെഡ്യൂൾഡ് കാസ്റ്റ്) ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ പി കെ മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിവാദ വിധി. ആന്ധ്രാപ്രദേശ് സ്വദേശിയായ ക്രൈസ്തവ പാസ്റ്റർ ചിന്താഡ ആനന്ദ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം.


ക്രൈസ്തവ മതത്തിലേക്കോ ഇസ്‌ലാമിലേക്കോ മാറുന്നതോടെ ഒരാളുടെ ജാതി വ്യക്തിത്വം ഇല്ലാതാകുന്നു. അത്തരം മതങ്ങളിൽ അയിത്തമോ ജാതീയമായ വിവേചനങ്ങളോ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല എന്നാണ് കോടതി പറയുന്നത്. മതംമാറിയ വ്യക്തിക്ക് എസ്‌സി/എസ്ടി അതിക്രമം തടയൽ നിയമപ്രകാരം കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.


ജാതി വിവേചനം നേരിട്ടുവെന്ന പരാതിയിൽ മതംമാറിയവർക്ക് ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ല. ദളിത് ക്രൈസ്തവർക്കും ദളിത് മുസ്‌ലിംകൾക്കും പട്ടികജാതി പദവി നൽകണമെന്ന ദീർഘകാലമായുള്ള ആവശ്യത്തിനേറ്റ വലിയ തിരിച്ചടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.


മതംമാറിയ ശേഷവും തങ്ങൾ സാമൂഹികമായ വിവേചനം നേരിടുന്നുണ്ടെന്നും അതിനാൽ സംവരണത്തിന് അർഹതയുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, കേന്ദ്ര സർക്കാർ ഇതിനെ ശക്തമായി എതിർത്തിരുന്നു. അതിനെത്തുടർന്നാണ് ഇപ്പോൾ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.


വിഷയത്തിൽ പഠനം നടത്താൻ കേന്ദ്ര സർക്കാർ കെ ജി ബാലകൃഷ്ണൻ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിലും, നിലവിലെ നിയമം അനുസരിച്ചുള്ള വിധി കോടതി പുറപ്പെടുവിക്കുകയായിരുന്നു. മതംമാറ്റത്തിന് ശേഷവും ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് 'ഭരണഘടനയോടുള്ള വഞ്ചന'യാണെന്ന് കോടതി നേരത്തെയും നിരീക്ഷിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home