'സമാധാനപരമായ ഒരു സമരത്തിനോട് എടുക്കേണ്ട നിലപാടല്ല ഇത്'; വിദ്യാർഥിപ്രക്ഷോഭത്തിന് പിന്തുണയുമായി ടോവിനോ

കൊച്ചി: രാജ്യത്ത് സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും നേരെ ഭരണകൂടവും പൊലീസും നടത്തുന്ന അതിക്രമങ്ങൾക്കെതിരെ പ്രതികരണവുമായി ചലച്ചിത്ര താരം ടൊവിനോ തോമസ്.
ശരിയും തെറ്റും ആപേക്ഷികമായിരിക്കാമെങ്കിലും, പക്ഷെ ഒരു സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീർച്ചയായും ഇതല്ലെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചു.
രാജ്യത്തിന്റെ ഭാവി തലമുറ ശബ്ദമുയർത്തുമ്പോൾ അവരെ അടിച്ചമർത്തുന്ന സേനാനീക്കം ഭാവിയെത്തന്നെയാണ് ഇല്ലാതാക്കുന്നത്. ജാതിമത ഭേദമന്യേയുള്ള ഇത്തരം പ്രവൃത്തികൾ ജാതി-മത വിശ്വാസത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് ചോർത്തിക്കളയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമരം ചെയ്ത വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തതെന്നും, അവർ ഏതെങ്കിലും തരത്തിലുള്ള പൊതുമുതൽ നശീകരണത്തിനോ അക്രമങ്ങൾക്കോ മുതിർന്നോ എന്നും ടൊവിനോ ചോദിക്കുന്നു.
നീതിയുക്തമായ ആവശ്യങ്ങൾക്ക് വേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന രാജ്യത്തെ ഏത് ഭാഗത്തുമുള്ള ആളുകൾക്ക് താൻ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വിയോജിപ്പുകൾ രേഖപ്പെടുത്താനുള്ള അവകാശം ജനാധിപത്യത്തോടുള്ള ഭീഷണിയല്ല, മറിച്ച് അതിന്റെ അടിത്തറകളിലൊന്നാണെന്നും അദ്ദേഹം കുറിച്ചു.
എന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്റെ വിശ്വാസം സമാധാനമാണ് എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിന് നേരെ നടന്ന പൊലീസിന്റെ നരനായാട്ടിനും അടിച്ചമർത്തലുകൾക്കും എതിരെ സാംസ്കാരിക രംഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് രാജ്യത്താകമാനം ഉയർന്നുവരുന്നത്.









0 comments