print edition ദേശീയപാത നിർമാണം: വീഴ്‌ച സമ്മതിച്ച് കേന്ദ്രം

ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ 43 ദേശീയപാത– പാലം പദ്ധതികളിൽ ഗുരുതര നിർമാണ വൈകല്യങ്ങളും തകർച്ചയും കണ്ടെത്തിയെന്ന് രാജ്യസഭയിൽ വി ശിവദാസന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി മറുപടി നല്‍കി. 17 സംസ്ഥാനങ്ങളിലെ പദ്ധതികളിലാണ് പിഴവുകൾ. 36 പദ്ധതികളിൽ ജോലികൾ പൂർത്തിയാകുന്നതിന് മുമ്പേ പിഴവ് കണ്ടെത്തി. ആറ് പദ്ധതികളില്‍ നിർമാണം പൂർത്തീകരിച്ച് ഒരു വർഷത്തിനകമാണ് പിഴവ് കണ്ടെത്തിയത്.
കേരളത്തിൽ 2024–25 വർഷത്തിൽ എട്ട് ദേശീയപാത നിർമാണ പദ്ധതികളിൽ പോരായ്‌മയുണ്ടായി. കരാറുകാർക്ക് 36.25 കോടി രൂപ പിഴ ചുമത്തി. വീഴ്‌ച വരുത്തിയ കരാർ കമ്പനികൾക്കെല്ലാമായി 335 കോടി പിഴ ചുമത്തിയതായി മന്ത്രി അറിയിച്ചു. എന്നാൽ ഇതിൽ എത്ര ഇൗടാക്കി എന്നതിന് കണക്കില്ല.
റോഡുകളുടെ എണ്ണവും ചെലവഴിച്ച തുകയും മാത്രം അടിസ്ഥാനമാക്കി ദേശീയപാത നിർമാണ പുരോഗതി വിലയിരുത്താനാവില്ലെന്ന് ശിവദാസൻ പറഞ്ഞു. ഓരോ കിലോമീറ്ററിന്റെയും സുരക്ഷയും ഗുണനിലവാരവും ദീർഘകാല നിലനിൽപ്പുമാണ് യഥാർഥ മാനദണ്ഡമാകേണ്ടതെന്നും അതിനായി കൃത്യമായ പരിശോധനാസംവിധാനത്തിന് രൂപം നൽകണമെന്നും എം പി ചൂണ്ടിക്കാട്ടി.










0 comments