വിവാദ ഐഎഎസ് ഉദ്യോഗസ്ഥനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കി കേന്ദ്രം; സബ്‌സിഡി തട്ടിപ്പില്‍ ആരോപണവിധേയന്‍

ന്യൂഡൽഹി: സ്വന്തം കുടുംബത്തിന് കോടികളുടെ കേന്ദ്ര സർക്കാർ സബ്‌സിഡി തട്ടിയെടുത്തെന്ന ഗുരുതര ആരോപണം നേരിടുന്ന വിവാദ ഐഎഎസ് ഉദ്യോഗസ്ഥനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അമരത്ത് പ്രതിഷ്ഠിച്ച് മോദി സർക്കാർ. നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുന്നതിനിടയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിർണായക ഉദ്യോഗസ്ഥ അഴിച്ചുപണി.
കോടികളുടെ അഴിമതി ആരോപണ നിഴലിലുള്ള 1994 ബാച്ച് രാജസ്ഥാൻ കേഡർ ഉദ്യോഗസ്ഥൻ നരേഷ് പാൽ ഗാങ്‌വാറിനെയാണ് വ്യാഴാഴ്ച രാത്രി വൈകി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചത്. നീറ്റ് പരീക്ഷാ തട്ടിപ്പടക്കമുള്ള വിഷയങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന മന്ത്രാലയത്തിലേക്കാണ്, മറ്റൊരു അഴിമതി ആരോപണവിധേയനെക്കൂടി കേന്ദ്രം തിരുകിക്കയറ്റുന്നത്.
കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഹോർട്ടികൾചർ ബോർഡിന്റെ കർഷക ക്ഷേമപദ്ധതി അട്ടിമറിച്ചാണ് ഗാങ്‌വാറിന്റെ അമ്മ, ഭാര്യ, മകൻ എന്നിവരുടെ പേരുകളിൽ കഴിഞ്ഞ 5 വർഷത്തിനിടെ 1.16 കോടി രൂപയാണ് സബ്‌സിഡി ഇനത്തിൽ കൈക്കലാക്കിയത്. ജയ്പുരിലെ ഭാസിങ്പുര ഗ്രാമത്തിലുള്ള ഇവരുടെ കൃഷിയിടത്തിന്റെ പേരിലാണ് പാവപ്പെട്ട കർഷകർക്ക് ലഭിക്കേണ്ട വൻ തുക ഉന്നത സ്വാധീനമുപയോഗിച്ച് സ്വന്തമാക്കിയത്.
ഇത്തരത്തിൽ കൈപ്പറ്റിയ ആനുകൂല്യങ്ങളിൽ ഒരെണ്ണത്തെക്കുറിച്ച് മാത്രമാണ് ഗാങ്‌വാർ തന്റെ 2021–22 കാലത്തെ വാർഷിക സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ബാക്കി തുകകളുടെ വിവരങ്ങൾ ഉദ്യോഗസ്ഥൻ മറച്ചുവെക്കുകയായിരുന്നു. ഗുരുതരമായ ഈ അഴിമതി വിവരം പുറത്തുവന്നിട്ടും നടപടിയെടുക്കുന്നതിന് പകരം ഉദ്യോഗസ്ഥന് കൂടുതൽ പ്രാധാന്യമുള്ള വകുപ്പ് നൽകി ആദരിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
വിനീത് ജോഷിയുടെ സ്ഥാനത്തേക്കാണ് നരേഷ് പാലിന്റെ പുതിയ നിയമനം. ഇതിനുമുമ്പ് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു നരേഷ്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് ജന്തർ മന്തർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ അഴിച്ചുപണി.










0 comments