സിംബാബ്‌വെക്കെതിരായ ആദ്യ ട്വന്റി20 വിജയം: വൈഭവിനെയും മായങ്കിനെയും പ്രശംസിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യർ

ശ്രേയസ് അയ്യർ
ഹരാരെ : സിംബാബ്‌വെക്കെതിരായ ആദ്യ ട്വന്റി20 പോരാട്ടത്തിലെ വിജയത്തിന് പിന്നാലെ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. മത്സരത്തിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ മായങ്ക് യാദവിനെയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത വൈഭവ് സൂര്യവംശിയെയും ശ്രേയസ് അഭിനന്ദിച്ചു. ഇന്ത്യൻ ട്വന്റി20 ടീം നായകനായ ശേഷമുള്ള ആദ്യ ജയത്തിൽ വലിയ സന്തോഷമുണ്ടെന്ന് ശ്രേയസ് പറഞ്ഞു.
ടീമിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നുവെന്നും മായങ്ക് യാദവ് നൽകിയ തുടക്കം നിർണായകമായെന്നും താരം വ്യക്തമാക്കി. സിംബാബ്‌വെ ബാറ്റർമാർക്ക് റൺസ് കണ്ടെത്താൻ സാധിക്കാത്ത വിധം കൃത്യമായ ലൈനിലും ലെങ്തിലുമാണ് മായങ്ക് പന്തെറിഞ്ഞതെന്നും ശ്രേയസ് കൂട്ടിച്ചേർത്തു.
വൈഭവ് സൂര്യവംശി മുൻപ് ഇവിടെ കളിച്ച് പരിചയമുള്ളതിനാൽ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് വൈഭവിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അണ്ടർ19 ഫൈനലിൽ 175 റൺസ് നേടിയതിന്റെ വലിയ ആത്മവിശ്വാസം മൈതാനത്ത് അവന്റെ കളിയിൽ പ്രകടമായിരുന്നുവെന്നും ശ്രേയസ് ചൂണ്ടിക്കാട്ടി.
മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ സിംബാബ്‌വെയെ പരാജയപ്പെടുത്തിയത്. സിംബാബ്‌വെ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 19 പന്തിൽ അർധസെഞ്ചുറി നേടിയ വൈഭവ് സൂര്യവംശിയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.










0 comments