ad
Deshabhimani

വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെക്കുറിച്ച് മിണ്ടാട്ടമില്ല; വിദ്യാർഥി രോഷം ഭയന്ന് അർധരാത്രി വീഡിയോയുമായി മോദി

Modi.jpg
വെബ് ഡെസ്ക്

Published on Jul 24, 2026, 06:43 AM | 1 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ രാജവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടയിൽ, ജനരോഷം തണുപ്പിക്കാൻ അർധരാത്രിയിൽ വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപ്പേപ്പർ ചോർച്ച തടയാൻ പുതിയ നിയമവും ഫാസ്റ്റ് ട്രാക്ക് കോടതികളും കൊണ്ടുവരുമെന്നാണ് വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി അവകാശപ്പെട്ടത്.


എന്നാൽ, പരീക്ഷാ തട്ടിപ്പിന്റെയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ വഞ്ചിച്ചതിന്റെയും പൂർണ ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷവും വിദ്യാർഥി സംഘടനകളും ശക്തമായ സമരം തുടരുമ്പോഴും, മന്ത്രിയുടെ രാജിയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാൻ പ്രധാനമന്ത്രി തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.


"സുഹൃത്തുക്കളെ, ചോദ്യപ്പേപ്പർ ചോർച്ച ഒരു ചെറിയ കാര്യമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇത് കടുത്ത മാനസികവിഷമം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് കഴിഞ്ഞ രണ്ടര മാസത്തിനിടെ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കുറ്റവാളികളെ പിടികൂടി ജയിലിലടച്ചു. വിദ്യാർഥികളുടെ ഒരു അധ്യയന വർഷം നഷ്ടപ്പെടാതിരിക്കാനാണ് ഞങ്ങൾ മുൻഗണന നൽകിയത്."— നരേന്ദ്ര മോദി വീഡിയോയിലൂടെ പറഞ്ഞു.


ചോദ്യപ്പേപ്പർ മാഫിയയെ സംരക്ഷിക്കുന്ന കേന്ദ്ര നിലപാടിനെതിരെ ഡൽഹി ജന്തർമന്തറിൽ നടക്കുന്ന ജനകീയ പ്രക്ഷോഭവും, സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാര സമരവും കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രണ്ടാം വാരം ആരംഭിക്കാനിരിക്കെ നിയമ നിർമ്മാണത്തെക്കുറിച്ചുള്ള പ്രഖ്യാപനവുമായി മോദി രംഗത്തെത്തിയത്.


തട്ടിപ്പുകാരെ കർശനമായി ശിക്ഷിക്കാനും ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുമുള്ള കരട് ബില്ലിന് വെള്ളിയാഴ്ചത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകുമെന്നും, അടുത്ത ആഴ്ച തന്നെ ഇത് പാർലമെന്റിൽ പാസാക്കാൻ ശ്രമിക്കുമെന്നുമാണ് മോദിയുടെ അവകാശവാദം.


എന്നാൽ, അഴിമതിയുടെ യഥാർത്ഥ ഉറവിടമായ കേന്ദ്ര മന്ത്രാലയത്തിന്റെ പരാജയങ്ങൾ മറച്ചുവെക്കാനും രാഷ്ട്രീയമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനുമുള്ള മോദി സർക്കാരിന്റെ ഈ അടവിനെതിരെ വിദ്യാർഥി സമൂഹം ശക്തമായാണ് പ്രതികരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കാതെ ഈ നാടകങ്ങൾ കൊണ്ട് ജനങ്ങളെ പറ്റിക്കാനാവില്ലെന്നാണ് സമരക്കാരുടെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home