ad
Deshabhimani

മെഡിക്കൽ കോളേജ് മോർഫിംഗ് കേസ്: പ്രതിക്കെതിരെ കൂടുതൽ പരാതികൾ, അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു

tvm medic colg morph

പ്രതിയായ എംബിബിഎസ് വിദ്യാർത്ഥി ഏബൽ അഗസ്റ്റിൻ

വെബ് ഡെസ്ക്

Published on Jul 24, 2026, 07:22 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ പ്രതിയായ എംബിബിഎസ് വിദ്യാർത്ഥി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. പ്രതിക്കെതിരെ കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ നടപടി.


സഹപാഠികളുടെയും സീനിയർ വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ച കേസിലാണ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ഏബൽ അഗസ്റ്റിൻ പിടിയിലായത്. ആദ്യമെടുത്ത കേസിൽ പ്രതിയായ ഏബലിന് ജാമ്യം ലഭിച്ചിരുന്നു.


പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പുതിയ പരാതികൾ നൽകിയിട്ടും കേസെടുക്കാൻ മെഡിക്കൽ കോളേജ് പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. ഒരേ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ വെവ്വേറെ കേസുകൾ എടുക്കാൻ കഴിയില്ലെന്ന ന്യായമാണ് പൊലീസ് നിരത്തിയത്. മണിക്കൂറുകളോളം മൊഴിയെടുക്കാതെ വിദ്യാർത്ഥിനികളെ സ്റ്റേഷനിൽ ഇരുത്തുകയും ചെയ്തു.


തുടർന്ന് എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിഷേധത്തിനിടെ വിദ്യാർഥികളും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. മുഴുവൻ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.


പ്രതിഷേധം ശക്തമായതോടെ അർധരാത്രി കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തുകയും അഞ്ച് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ക്രിമിനൽ കേസിൽ പ്രതിയായതോടെ ഏബലിനെ മെഡിക്കൽ കോളേജ് അധികൃതർ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.














deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home