സ്ത്രീകളെ അപമാനിച്ചാൽ ശക്തമായ നടപടി; തൃഷ വിവാദത്തിൽ നിയമസഭയിൽ വിജയ്‌യുടെ വിമർശനം

ചെന്നൈ: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഭാഷയും അപകീർത്തികരമായ പരാമർശങ്ങളും അനുവദിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി. രാഷ്ട്രീയ വിമർശനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തിന്റെ പേരിൽ സ്ത്രീകളെയോ മറ്റാരെയെങ്കിലുമോ മോശമായി ചിത്രീകരിക്കുന്നതും ദ്വയാർഥ പ്രയോഗങ്ങൾ നടത്തുന്നതും തെറ്റാണെന്ന് വിജയ് പറഞ്ഞു. “ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എങ്ങനെ ഉപയോഗിക്കുന്നുവെന്ന് എല്ലാവരും ആത്മപരിശോധന നടത്തണം,” അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും നടി തൃഷ കൃഷ്ണനെതിരെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയതായി ആരോപിക്കപ്പെടുന്ന വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ പ്രതികരണം.
തമിഴ്നാട്ടിൽ അടുത്തിടെ അശ്ലീലതയുടെയും വിദ്വേഷത്തിന്റെയും പ്രവാഹം തുടരുന്നതായി തോന്നുന്നുവെന്നും സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
1989 ൽ നിയമസഭയിൽ മുൻ മുഖ്യമന്ത്രി ജയലളിത നേരിട്ട അപമാനവും വിജയ് പരാമർശിച്ചു. സ്ത്രീയായ ജയലളിതയ്ക്ക് ഇതേ നിയമസഭയിൽ നേരിടേണ്ടിവന്ന അപമാനം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ജനവിധിയെ മാനിക്കണമെന്നും ജനങ്ങൾ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാത്തതിന്റെ പേരിൽ അവരെ അപമാനിക്കുന്നത് ശരിയല്ലെന്നും വിജയ് കൂട്ടിച്ചേർത്തു.
തൃഷയ്‌ക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് കഴിഞ്ഞമാസം ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ഉദയനിധി, താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്നും ആരോപിച്ചിരുന്നു. വിവാദത്തിന് പിന്നാലെ എഐഎഡിഎംകെ നേതാവ് ആർബി ഉദയകുമാറും വിജയ് സർക്കാരിനെ പരിഹസിച്ച് പരാമർശം നടത്തിയിരുന്നു.









0 comments