ad
Deshabhimani

ഉഷ്ണതരംഗവും കാട്ടുതീയും ആരോ​ഗ്യത്തിന് ഗുരുതര ഭീഷണിയാകും; യുഎൻ മുന്നറിയിപ്പ്

heat wave
വെബ് ഡെസ്ക്

Published on Sep 07, 2026, 01:16 PM | 1 min read

ജനീവ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരുന്നതും ഉഷ്ണതരംഗവും ഭീഷണിയാവുന്ന കാട്ടുതീയും വായുവിന്റെ ഗുണനിലവാരത്തെയും ആരോ​ഗ്യത്തെയും ഗുരുതരമായി ബാധിക്കും. കാട്ടുതീയിൽനിന്നും ഉഷ്ണതരംഗത്തിൽനിന്നും അന്തരീക്ഷത്തിലെത്തുന്ന അതിസൂക്ഷ്മ കണങ്ങൾ അപകടകരമാണ്. അന്താരാഷ്ട്രതലത്തിൽ വായുമലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.


കാലാവസ്ഥ വ്യതിയാനവും വായുമലിനീകരണവും പരസ്പരം ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് കാലാവസ്ഥാ ഏജൻസി ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനം ഇടയ്ക്കിടെയുള്ള ഉഷ്ണതരംഗത്തിനും കാട്ടുതീക്കും കാരണമാകുന്നതായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇതിനൊപ്പം കാട്ടുതീ വർധിക്കുന്നത് വായുവിൽ ആരോഗ്യത്തിന് അപകടകരമായ സൂക്ഷ്മകണങ്ങളുടെ സാന്നിധ്യം കൂട്ടുകയാണ്.


കാട്ടുതീയുടെ പുകയിൽ വലിയ അളവിൽ പിഎം 2.5 എന്നറിയപ്പെടുന്ന സൂക്ഷ്മകണങ്ങൾ അടങ്ങിയിട്ടുണ്ട്. 2.5 മൈക്രോമീറ്ററിൽ താഴെയുള്ള ഈ കണങ്ങൾക്ക് ശ്വാസകോശത്തിലേക്ക് ആഴത്തിൽ കടന്നു ചെല്ലാനും രക്തത്തിൽ അലിഞ്ഞു ചേരാനും കഴിയും. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. വ്യാവസായിക കേന്ദ്രങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുക, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം, വീടുകളിലെ ഇന്ധന ഉപയോഗം, വാഹനങ്ങളിൽ നിന്നുള്ള പുക എന്നിയവക്കുപുറമേ കാട്ടുതീയും പൊടിക്കാറ്റും പിഎം 2.5ന്റെ പ്രധാന ഉറവിടങ്ങളാണ്.


വ്യവസായ-ഗതാഗത മേഖലകളിൽ നിന്നുള്ള ഈ വിഷാംശമുള്ള കണികകൾ പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതിന് നിയമങ്ങളുണ്ടെങ്കിലും കാട്ടുതീയിൽ നിന്നുള്ള പിഎം 2.5 ബഹിർ​ഗമനമാണ് ഇപ്പോൾ ഭീഷണിയാകുന്നതെന്ന് കാലാവസ്ഥ ഏജൻസി ചൂണ്ടിക്കാണിച്ചു.


കാട്ടുതീയിൽനിന്നുള്ള സൂക്ഷ്മകണങ്ങൾ മറ്റു ഉറവിടങ്ങളിൽനിന്നുള്ളതിനേക്കാൾ കൂടുതൽ വിഷാംശമുള്ളവയാകാമെന്നാണ് അന്താരാഷ്ട്ര കാലാസ്ഥാ ഏജൻസിയുടെ ഗ്ലോബൽ അറ്റ്മോസ്ഫിയർ വാച്ച് ശൃംഖലയിലെ ശാസ്ത്രജ്ഞർ പറയുന്നത്. കാറ്റിനൊപ്പം ഈ കണങ്ങൾ തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് വളരെ അകലെയുള്ള പ്രദേശങ്ങളിലേക്കും എത്തും. അതിനാൽ കാട്ടുതീ പടർന്നു പിടിച്ച മേഖലക്ക് പുറത്തുള്ള മനുഷ്യർക്കും വന്യജീവികൾക്കും ആരോഗ്യഭീഷണി നേരിടേണ്ടിവരും. മനുഷ്യാരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള കാലാവസ്ഥാ നയങ്ങളിൽ വായുവിന്റെ ഗുണനിലവാരവും നിർണായക ഘടകമായി പരിഗണിക്കേണ്ട സാഹചര്യമാണിതെന്ന് അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home