ad
Deshabhimani

കരുവാറ്റ കൊലപാതകത്തിൽ അപൂർവവിധി; മൂന്ന് ആൺകുട്ടികളെയും കസ്റ്റഡിയിൽ വിട്ടു

Karuvatta Murder

കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാർ (ഇടത്), കൊലപാതകം നടന്ന കരുവാറ്റയിലെ വീട് (വലത്)

വെബ് ഡെസ്ക്

Published on Sep 07, 2026, 01:34 PM | 2 min read

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ കുറ്റാരോപിതരായ മൂന്ന്‌ ആൺകുട്ടികളെയും പൊലീസ് കസ്റ്റഡിയിൽവിട്ടുകൊണ്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ്‌ ബോർഡ്‌ ഉത്തരവിട്ടു. കൊലപാതകം നടത്തിയ മൂന്ന്‌ ആൺകുട്ടികളും പ്രായപൂർത്തിയാകാത്തതിനാൽ കസ്റ്റഡിയിൽവിട്ടത് അപൂർവവിധിയാണ്. ഡൽഹി നിർഭയ കേസിൽപോലും പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ്‌ കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ജുവനൈൽ ജസ്റ്റിസ്‌ നിയമത്തിൽ ഇല്ല എന്നും, മുൻവിധികളും ഇല്ലെന്നുമുള്ള വാദം തള്ളിയാണ് ഈ അസാധാരണ നടപടി.


ജുവനൈൽ ജസ്റ്റിസ്‌ നിയമത്തിൽ കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ഇല്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്ന വ്യവസ്ഥകൾ അനുസരിച്ച്, തെളിവെടുപ്പിന് വിട്ടുകിട്ടണം എന്ന പ്രോസീക്യൂഷന്റെ ആവശ്യം കോടതി അം​ഗീകരിക്കുകയായിരുന്നു. കുട്ടികളെ പൊലീസ് ലോക്കപ്പിലും, ജയിലിലും പാർപ്പിക്കരുത് എന്ന് മാത്രമേ ജുവനൈൽ ജസ്റ്റിസ്‌ ആക്ട് പറയുന്നുള്ളു. പൊലീസ് കസ്റ്റഡിയെപ്പറ്റി പ്രത്യേകം വ്യവസ്ഥ ആക്ടിൽ ഇല്ലാത്ത പക്ഷം, ബിഎൻഎസ്എസിലെ വകുപ്പ് പരിഗണനയിൽ എടുത്ത്, അന്വേഷണത്തിനു വിട്ടുകിട്ടണം എന്നായിരുന്നു പ്രോസീക്യൂഷൻ വാദം. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ഇവരെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ല എങ്കിൽ കേസ് ദുർബലപ്പെടുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം ജുവനൈൽ ജസ്റ്റിസ്‌ ബോർഡ്‌ അം​ഗീകരിച്ചു. കസ്റ്റഡി വിവരങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്ന് ബോർഡ്‌ നിര്‍ദേശിച്ചു.


കുറ്റകൃത്യം ആസൂത്രണം ചെയ്‌തെന്ന്‌ ആരോപിക്കപ്പെട്ട പതിമൂന്നുകാരിയെ ചോദ്യംചെയ്യുന്നതിനുള്ള അപേക്ഷയും ജുവനൈൽ ജസ്റ്റിസ്‌ ബോർഡ്‌ തിങ്കളാഴ്‌ച പരിഗണിക്കും. ശാസ്‌ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ അന്വേഷകസംഘം തയ്യാറാക്കിയ റിപ്പോർട്ട്‌ ബോർഡിന്‌ കൈമാറി. ഇതും പരിഗണിച്ചായിരിക്കും വിധി പറയുക.


മോഷണംപോയ സ്വർണം പൊലീസ്‌ കണ്ടെത്തി, എന്നാൽ കൊലപാതകത്തിന്‌ ഉപയോഗിച്ചതായി കരുതുന്ന കൈയുറകൾ കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്തുന്നതിനും കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കും ആൺകുട്ടികളെ കസ്റ്റഡിയിൽ ലഭിക്കണം. സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ പ‍ൂർത്തിയാക്കാത്തപക്ഷം കുറ്റപത്രം കോടതിയിൽ തെളിയിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജുവനൈൽ ജസ്റ്റിസ്‌ ബോർഡ്‌ അനുമതി പ്രകാരം ജില്ലാ പ്രൊബേഷൻ ഓഫീസറുടെ സാന്നിധ്യത്തിലാണ്‌ ആൺകുട്ടികളെ ചോദ്യംചെയ്‌തത്‌.


രണ്ടു ദിവസങ്ങളിലായി 10.30 മണിക്കൂറെടുത്താണ്‌ ചോദ്യംചെയ്യൽ പൂർത്തിയാക്കിയത്‌. തുടർന്നാണ്‌ 13കാരിക്കായി പ്രത്യേകം അപേക്ഷ നൽകിയത്‌. പെൺകുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ കോഴിക്കോട്ടെ കേന്ദ്രത്തിലും ആൺകുട്ടികളെ ചേർത്തല മായിത്തറയിലെ സംരക്ഷണകേന്ദ്രത്തിലുമാണ്‌ താമസിപ്പിച്ചിരിക്കുന്നത്‌. പ്രോസിക്യൂഷനായി അസി. പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളിയും പ്രതിഭാഗത്തിന്നായി ചീഫ്‌ ഡിഫൻസ്‌ ക‍‍ൗൺസിലർ ടി ടി സുധീഷും ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home