ad
Deshabhimani

"ഏതൊരു വീട്ടിലും സംഭവിച്ചത് പോലെയേയുള്ളൂ"; കോൺ​ഗ്രസ് നേതാക്കളെ വീട്ടിൽകയറി ആക്രമിച്ചതിൽ രമ്യ ഹരിദാസ്

Ramya Haridas Chirayinkeezhu Attack

രമ്യ ഹരിദാസ് (ഇടത്), എംഎൽഎയും സംഘവും കോൺ​ഗ്രസ് നേതാക്കളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളിൽനിന്ന് (വലത്)

വെബ് ഡെസ്ക്

Published on Sep 07, 2026, 12:40 PM | 2 min read

പാലക്കാട്: അനധികൃത പണപ്പിരിവ്‌ ചോദ്യംചെയ്‌ത കോൺഗ്രസ്‌ നേതാക്കളെ വീട്ടിൽക്കയറി ആക്രമിച്ചതിനെ ന്യായീകരിച്ച് ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ്. ഏതൊരു വീട്ടിലും പാർടിയിലും സംഘടനയിലും സംഭവിച്ചത് പോലേയേയുള്ളൂ ചിറയിൻകീഴിലെ വിഷയം എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. എല്ലാം പാർടിക്കുള്ളിൽ പറഞ്ഞ് തീർക്കാവുന്നതാണെന്നും രമ്യ പറഞ്ഞു.


ആക്രമണം അന്വേഷിക്കാൻ കെപിസിസി നിയോ​ഗിച്ച എം എം ഹസന്റെ നേതൃത്വത്തിലുള്ള സമിതിക്ക് മുന്നിൽ ഹാജരാകാതിരുന്നതിനെയും ഡൽഹിയിൽ പോയെന്ന് കള്ളം പറഞ്ഞതിനെയും എംഎൽഎ ന്യായീകരിച്ചു. ഡൽഹിയിലേക്ക് പോകാനുള്ള ടിക്കറ്റ് താൻ എടുത്തിരുന്നുവെന്നും എന്നാൽ ശാരീരിക ബുദ്ധിമുട്ട് കാരണമാണ് യാത്ര ഒഴിവാക്കിയതെന്നുമായിരുന്നു രമ്യയുടെ മറുപടി. അതേസമയം, ഡൽഹിയിൽ പോയെന്ന് പറഞ്ഞദിവസം പാലക്കാട് ഉണ്ടായിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ രമ്യ തയ്യാറായില്ല.


ഡൽഹിയിൽ‌ ആണെന്ന് പറഞ്ഞദിവസം രമ്യ പാലക്കാട് ഉണ്ടായിരുന്നു. ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലാണ് എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലുമായി രമ്യ കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. ഡൽഹിയിലായതിനാൽ വരാനാകില്ലെന്ന് രമ്യ അറിയിച്ചെന്നും ഫോണിലൂടെ വിശദീകരണം നൽകിയെന്നും എം എം ഹസൻ മാധ്യമങ്ങളോട്‌ പറയുകയും ചെയ്തു.


എംഎൽഎയുടെ മർദനമേറ്റ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ എസ്‌ സജാദിനെയും എംഎൽഎയ്‌ക്കൊപ്പം ആക്രമണം നടത്തിയ കെപിസിസി അംഗം പാളയം പ്രദീപിനെയും സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. കെപിസിസി ആസ്ഥാനത്തേക്ക്‌ വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷമാണ്‌ ഇവർക്കെതിരെ നടപടിയെടുത്തത്‌. എന്നാൽ, സജാദിന്റെ വീട്ടിൽ ഗുണ്ടകളുമായെത്തി അതിക്രമം കാണിച്ച എംഎൽഎക്കെതിരെ നടപടി എടുത്തുമില്ല. എംഎൽഎയെ സംരക്ഷിക്കുന്ന കെപിസിസി നേതൃത്വത്തിന്റെ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍.


സമിതിക്ക് മുന്നിൽ രമ്യ ഹാജരാകാതിരുന്നതും ഡൽഹിൽ ആണെന്ന് പറഞ്ഞ് പാലക്കാട് തുടർന്നതിലും പ്രതികരിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തയ്യാറായില്ല. അതേക്കുറിച്ചൊന്നും തനിക്കറിയില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.


വെള്ളി രാത്രി പത്തോടെയാണ്‌ രമ്യയും ഗുണ്ടകളും സജാദിന്റെ ചിറയൻകീഴ്‌ പുളിമൂട്ടിലെ വീട് കയറി ആക്രമിച്ചത്‌. മർദിച്ചെന്നാരോപിച്ച്‌ എംഎൽഎ പൊലീസിന്‌ പരാതി നൽകിയശേഷം ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎയുടെ പരാതിയിൽ 14 പേർക്കെതിരെ പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും തടയുന്ന നിയമത്തിലെ വകുപ്പടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി ചിറയിൻകീഴ് പൊലീസ് കേസെടുത്തിട്ടുണ്ട്. സജിത്ത് മുട്ടപ്പലം, സജാദ്, ബിജു, ബിനോയ് എസ് ചന്ദ്രൻ, അദീഷ്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥൻ നായർ തുടങ്ങിയവർക്കെതിരെയാണ് കേസ്‌.


വീട്ടിൽക്കയറി മർദിച്ചതിനെതിരെ സജാദും ഭാര്യയും നൽകിയ പരാതിയിൽ പൊലീസ്‌ കേസെടുത്തിട്ടില്ല. എംഎൽഎയ്‌ക്കെതിരെ കേസെടുക്കരുതെന്ന്‌ സർക്കാർ നിർദേശിച്ചതായാണ്‌ വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home