ഹിറ്റ് ആൻഡ് റൺ അല്ല, കൊലപാതകം; 26കാരനെ കൊന്നത് സുഹൃത്ത്

ചിക്കമഗളൂരു: റോഡരികിൽ മറിഞ്ഞുകിടക്കുന്ന ഓട്ടോറിക്ഷ, തൊട്ടടുത്ത് യുവാവിന്റെ മൃതദേഹം. ആദ്യകാഴ്ചയിൽ ഒരു സാധാരണ 'ഹിറ്റ് ആൻഡ് റൺ' അപകടമെന്ന് കരുതിയ സംഭവം ഒടുവിൽ ക്രൂരമായ ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. കർണാടകത്തിലെ ചിക്കമഗളൂരുവിൽ 26 കാരനായ യശ്വന്ത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് സച്ചിനെ സഖരായപട്ടണ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസം നീണ്ട സങ്കീർണ്ണമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ജൂൺ 12-ന് രാത്രിയാണ് ചിക്കമംഗളൂരു താലൂക്കിലെ ഹിരേഗൗജ ഗ്രാമത്തിന് സമീപമുള്ള ദേശീയപാതയിൽ യശ്വന്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. സമീപത്തായി ഒരു ചരക്ക് ഓട്ടോറിക്ഷയും മറിഞ്ഞുകിടപ്പുണ്ടായിരുന്നു. ഓട്ടോയിടിച്ച് യുവാവ് മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു തുടക്കത്തിൽ എല്ലാവരും.
എന്നാൽ സംഭവസ്ഥലത്ത് പൊലീസ് നടത്തിയ വിശദമായ പരിശോധനയാണ് കേസിൽ നിർണയക വഴിത്തിരിവായത്. യശ്വന്ത് സഞ്ചരിച്ചിരുന്ന ബൈക്ക് സംഭവസ്ഥലത്ത് എവിടെയും ഉണ്ടായിരുന്നില്ല. ഈ ദുരൂഹതയെ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം ഒടുവിൽ യശ്വന്തിന്റെ സുഹൃത്തും വിജയനഗർ സ്വദേശിയുമായ സച്ചിനിലേക്ക് എത്തിച്ചേരുകയായിരുന്നു.
കാർ വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാർ വിറ്റ പണം വാങ്ങാനായി യശ്വന്ത് സുഹൃത്തായ സച്ചിനൊപ്പം ബൈക്കിൽ അജ്ജംപൂരിലേക്ക് പോയിരുന്നു. യാത്രയ്ക്കിടെ പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം രൂക്ഷമാവുകയും, തുടർന്ന് സച്ചിൻ യശ്വന്തിനെ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം ഇതൊരു റോഡപകടമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി മൃതദേഹത്തിന് സമീപം ഒരു ചരക്ക് ഓട്ടോറിക്ഷ കൊണ്ടിടുകയും യശ്വന്തിന്റെ ബൈക്ക് അവിടെനിന്ന് മാറ്റുകയും ചെയ്തു. അതിനുശേഷം യാതൊന്നും അറിയാത്തതുപോലെയായിരുന്നു സച്ചിന്റെ പെരുമാറ്റം. എന്നാൽ കാണാതായ ബൈക്കിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ സൈബർ-ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിൽ പ്രതി വലയിലാവുകയായിരുന്നു.









0 comments