'എല്ലാ വഴികളും അടയുന്നു' അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

അനീഷ് മോഹൻ
കോട്ടയം: സിക്കിമിൽ ടണൽ ദുരന്തത്തിൽ മരിച്ച കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സിക്കിമിൽ തന്നെ സംസ്കാരം നടത്തേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ മൃതദേഹം കണ്ടെടുത്തത്. സഹോദരൻ ബിനീഷ്, അനീഷിന്റെ ഭാര്യ സംഗീത എന്നിവർ മൃതദേഹം തിരിച്ചറിഞ്ഞു.
‘മൃതദേഹം നാട്ടിലെത്തിക്കാൻ നോക്കിയ എല്ലാ വഴികളും അടയുകയാണ്. വേറെ വഴിയില്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ സംസ്കരിക്കും. അതിന്റെ വേദനയിലാണ് ഞങ്ങൾ’ അനീഷ് മോഹന്റെ ഭാര്യ സംഗീത സദാനന്ദൻ നിറകണ്ണുകളോടെ പറഞ്ഞു. അപകടവാർത്തയറിഞ്ഞ് അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ, ഭാര്യാസഹോദരൻ സനൽ, ബിനീഷിന്റെ സുഹൃത്ത് സാബി ബേബി എന്നിവർ തിങ്കളാഴ്ച തന്നെ സ്ഥലത്ത് എത്തിയിരുന്നു.
മൃതദേഹം കിട്ടിയെങ്കിലും സിക്കിം അധികൃതരും ആരോഗ്യവിഭാഗവും സമയം വൈകിപ്പിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. മരിച്ച് 72 മണിക്കൂർ കഴിഞ്ഞതിനാൽ വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകില്ലെന്നാണ് ആരോഗ്യ വിഭാഗം നിലപാടെടുത്തത്. ഏറെ വൈകിയാണ് സിക്കിം അധികൃതർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതെന്നും കുടുംബം പറഞ്ഞു. ന്നാൽ എങ്ങനെയാണ് മൃതദേഹം എത്തിക്കുന്നത് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സമയം വീണ്ടും പോവുകയാണ്. കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ല. സിക്കിം അധികൃതർ തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
നാംചി ജില്ലയിലുള്ള സമർദുംഗിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും തടസ്സപ്പെടുത്തിക്കൊണ്ട് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയത്ത് തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. തുരങ്കത്തിന്റെ കവാടം അടഞ്ഞ നിലയിലായതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്. കഴിഞ്ഞ ദിവസമാണ് അപകടത്തിൽപ്പെട്ടവരിൽ ഒരു മലയാളിയും ഉണ്ടെന്ന റിപ്പോർടുകൾ വന്നത്.
ശേഷം എൻഎച്ച്പിസി സീനിയർ മാനേജർ ജിയോളജിസ്റ്റ് ആണ് അനീഷ് മോഹൻ ആണ് അപകടത്തിൽപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. പാറ തുരക്കുമ്പോൾ തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നത് അനീഷാണ്. പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനമാണ് തുരങ്കം തകരാൻ ഇടയാക്കിയത്. എട്ടുമാസം പ്രായമുള്ള ഇളയമകൾ കാർത്യായനിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ ഫെബ്രുവരിയിലാണ് ഏറ്റവുമൊടുവിലായി അനീഷ് നാട്ടിലെത്തിയത്. ഓണത്തിനു വീണ്ടും എത്താമെന്നു പറഞ്ഞായിരുന്നു മടക്കം.









0 comments