ad
Deshabhimani

'പരസ്പരം പിരിഞ്ഞ് ജീവിക്കാൻ വയ്യ'; യുവാവിനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ

wedding
വെബ് ഡെസ്ക്

Published on Jul 24, 2026, 09:14 AM | 2 min read

അംറോഹ: ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ഒരേ യുവാവിനെ ഒന്നിച്ച് വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ. തങ്ങളുടെ വിവാഹച്ചടങ്ങുകളും മറ്റ് പരിപാടികളും പകർത്താനെത്തിയ ക്യാമറാമാനെയാണ് മൂന്ന് സഹോദരിമാരും ഭർത്താവായി സ്വീകരിച്ചത്. ഈ വിവാഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.


പരസ്പരം പിരിഞ്ഞു ജീവിക്കാൻ സാധിക്കില്ലെന്ന സഹോദരിമാരുടെ ഉറച്ച തീരുമാനത്തെത്തുടർന്നാണ് ഒരേ മണ്ഡപത്തിൽ വെച്ച് മൂവരും യുവാവിനെ വിവാഹം കഴിക്കാൻ തയ്യാറായത്. ഹസൻപൂരിലെ ധൗരിയ ഗ്രാമവാസികളായ സരോജ് (20), സഹോദരി സാവിത്രി റാണി (19), ഇവരുടെ കസിൻ സന്തോഷ് ഖഡക്വൻഷി (18) എന്നിവരാണ് വരൻ വികാസ് ഖഡക്വൻഷിയെ (20) വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ വീഡിയോകളും റീൽസുകളും നിർമ്മിച്ച് ശ്രദ്ധേയരായ ഈ മൂവർ സംഘത്തിന് ഒപ്പം കഴിഞ്ഞ ആറ് മാസമായി ക്യാമറാമാനായി ജോലി ചെയ്യുകയായിരുന്നു വികാസ്.


പല റീൽസ് വീഡിയോകളിലും വികാസ് ഇവരുടെ ഭർത്താവിന്റെ വേഷത്തിൽ അഭിനയിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 17-ന് അംറോഹയിലെ ചാമുണ്ട മാതാ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. വികാസ് മൂന്ന് പെൺകുട്ടികളുടെയും നെറ്റിയിൽ സിന്ദൂരം ചാർത്തുന്ന വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.


തങ്ങൾക്ക് പരസ്പരം പിരിഞ്ഞ് ജീവിക്കാൻ സാധിക്കില്ലെന്ന് ബിടെക് രണ്ടാം വർഷ വിദ്യാർത്ഥിനി കൂടിയായ സരോജ് പറയുന്നു. കുടുംബാംഗങ്ങൾ തങ്ങൾക്ക് വെവ്വേറെ വിവാഹ ആലോചനകൾ തുടങ്ങിയപ്പോൾ വലിയ മാനസിക വിഷമത്തിലായെന്നും, വേർപിരിയുന്നതിനേക്കാൾ ഭേദം ഒന്നിച്ച് ജീവിക്കുകയാണെന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെടുത്തതെന്നും പെൺകുട്ടികൾ വെളിപ്പെടുത്തി.


തങ്ങൾ നാലുപേരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. പെൺകുട്ടികളുടെ വൈകാരികമായ അടുപ്പം മനസ്സിലാക്കിയാണ് താൻ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് വരനായ വികാസും പ്രതികരിച്ചു. അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരേസമയം ഒന്നിലധികം പങ്കാളികളെ വിവാഹം കഴിക്കാൻ നിയമപരമായ സാധുതയില്ലെന്നും, അതിനാൽ ഈ വിവാഹം നിയമത്തിന് മുന്നിൽ നിലനിൽക്കില്ലെന്നും അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകൻ വ്യക്തമാക്കി.


വിവാഹത്തിനെതിരെ ചില ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഇതിന് മറുപടിയായി പുരാണത്തിൽ ദശരഥ മഹാരാജാവിന് മൂന്ന് രാജ്ഞിമാർ ഉണ്ടായിരുന്നില്ലേ എന്ന് പെൺകുട്ടികൾ ചോദിക്കുന്ന വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിഷയത്തിൽ ഇടപെട്ട പൊലീസ് നാല് പേരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തിട്ടുണ്ട്. എല്ലാവരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും പൊലീസിനോട് സമ്മതിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് നിലവിൽ പരാതികളൊന്നുമില്ലെന്നും, ഭാവിയിൽ എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഹസൻപൂർ സർക്കിൾ ഓഫീസർ പങ്കജ് ത്യാഗി അറിയിച്ചു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home