ഫ്രാൻസിൽ കാട്ടുതീ പടരുന്നു; 20,000ത്തോളം പേരെ ഒഴിപ്പിച്ചു, സ്പെയിലും, ഇറ്റലിയിലും വൻ നാശനഷ്ടം

Photo: Reuters
പാരീസ് : കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ കാട്ടുതീ പടരുന്നു. ഫ്രാൻസിലെ ഗിറോണ്ട് മേഖലയിൽ മാത്രം 12,000ത്തോളം ആളുകളെ ഒഴിപ്പിച്ചു. കനത്ത കാറ്റും ഉയർന്ന താപനിലയും കാരണം തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ദുഷ്കരമായി തുടരുകയാണ്. ഗിറോണ്ട് മേഖലയിലെ ആർക്കാചോൺ ഉൾക്കടലിന് സമീപം 3,400 ഹെക്ടറിലധികം ഭൂമി കത്തിനശിച്ചു.
ഏകദേശം 700ലധികം ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തീയണക്കാൻ പരിശ്രമിക്കുന്നത്. ലേജ്-കാപ്പ്-ഫെറേറ്റ് പെനിൻസുലയിലെ ക്യാംസൈറ്റുകളിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ സഞ്ചാരികളാണ് ഇവരിൽ ഏറെയും. ക്ലോവേ ഗ്രാമത്തിൽ നിന്നും സുരക്ഷിതമായി ആളുകളെ മാറ്റിപ്പാർപ്പിച്ചു വരികയാണെന്ന് ഗിറോണ്ട് പ്രിഫെക്റ്റ് സോഫി ബ്രോകാസ് അറിയിച്ചു. ബോർഡോ വിമാനത്താവളത്തിന് സമീപം തീ അണയ്ക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരണപ്പെട്ടിരുന്നു.
സ്പെയിനിൽ പലയിടത്തും താപനില 42 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി. മാഡ്രിഡിന് പടിഞ്ഞാറുള്ള അൽദെവ ഡെ ഫ്രെസ്നോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് 3,500ലധികം താമസക്കാരോട് മാറി താമസിക്കാൻ ഉത്തരവിട്ടു. ഗ്വാഡലജാര മേഖലയിലുണ്ടായ കാട്ടുതീയിൽ 35,000 ഹെക്ടറിലധികം പ്രദേശം കത്തിനശിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കാട്ടുതീയാണ് ഈ വർഷം സ്പെയിനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇറ്റലിയിലെ സിസിലിദ്വീപിൽ 350ലധികം കാട്ടുതീ റിപ്പോർട്ട് ചെയ്തു. ഇതിൽ 10 വലിയ തീപിടിത്തങ്ങളെ തുടർന്ന് മുൻകരുതൽ നടപടിയായി ആളുകളെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടയിൽ അലസ്സാൻഡ്രോ മാർച്ചി എന്ന ഫയർഫോഴ്സ് അംഗം മരിച്ചു.
യൂറോപ്പ് ഭൂഖണ്ഡം അതിവേഗം ചൂടായിക്കൊണ്ടിരിക്കുകയാണെന്ന് കോപ്പർണിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം യൂറോപ്പിലെ 95 ശതമാനത്തിലധികം പ്രദേശങ്ങളിലും ശരാശരിയിലും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് കാട്ടുതീ പടരുന്നതിന്റെ തോത് വർധിപ്പിക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.









0 comments