ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചെന്ന് മെഡിക്കൽ റിപ്പോർട്ട്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥി-യുവജനങ്ങൾക്ക് നേരെ ഡൽഹി പൊലീസ് അഴിച്ചുവിട്ടത് സമാനതകളില്ലാത്ത ക്രൂരത. ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ സുരക്ഷാസേന മാരകമായ പെല്ലറ്റ് തോക്ക്കളും ഷോക്ക് ബാറ്റണുകളും പ്രയോഗിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ പുറത്ത്.
വിദ്യാർത്ഥികളെ ക്രൂരമായി വെടിവെച്ചിട്ട ഡൽഹി പൊലീസ് എന്നാൽ തങ്ങൾ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന പതിവ് കള്ളം ആവർത്തിച്ച് തടിയൂരാൻ ശ്രമിക്കുകയാണ്. എന്നാൽ ആശുപത്രികളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ശരീരത്തിൽ നിന്നും പുറത്തെടുത്ത ലോഹ പെല്ലറ്റുകൾ പൊലീസിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വാദങ്ങളെ പച്ചയായി പൊളിച്ചടുക്കുന്നു.
പ്രതിഷേധക്കാരന് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ ശരീരഭാഗങ്ങള്‍ മെഡിക്കോ-ലീഗൽ റിപ്പോർട്ടിൽ വിശദമായി ചൂണ്ടിക്കാട്ടിയിരിക്കുന്നു.
പൊലീസ് നടത്തിയ ഈ കിരാത വേട്ടയിൽ ഗുരുതരമായി പരിക്കേറ്റ പത്തൊൻപതുകാരനായ വിദ്യാർത്ഥി ഇപ്പോൾ ട്രോമ കെയർ സെന്ററിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മുഖത്തും കഴുത്തിലും നെഞ്ചിലുമെല്ലാം പെല്ലറ്റ് തുളച്ചുകയറിയതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ട്. ഒരു പെല്ലറ്റ് വലതുകണ്ണിലേക്ക് നേരിട്ട് തുളച്ചുകയറിയതിനെ തുടർന്ന് കോർണിയ തകരുകയും കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
അടിയന്തര ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാഴ്ച തിരികെ കിട്ടാൻ കേവലം ഒരു ശതമാനം മാത്രമാണ് സാധ്യത. മറ്റൊരു പെല്ലറ്റ് ഹൃദയത്തിന് തൊട്ടടുത്തുള്ള കൊഴുപ്പിലും ശ്വാസകോശത്തിലും തറച്ച നിലയിലാണ്. ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മറ്റൊരു യുവാവിന്റെ മുഖത്തും ശരീരത്തിലുമായി മുപ്പതിലധികം പെല്ലറ്റുകളാണ് തറച്ചുകയറിയത്.
കണ്ണിന് താഴെ നിന്നും കഴുത്തിൽ നിന്നും പെല്ലറ്റുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും, ഒരു പെല്ലറ്റ് പ്രധാന രക്തക്കുഴലിന് തൊട്ടടുത്തായതിനാൽ നീക്കാനാവാത്ത അവസ്ഥയിലാണ്. സമാധാനപരമായി പ്രതിഷേധിച്ച തനിക്ക് നേരെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥൻ പെല്ലറ്റ് ഗൺ ഉപയോഗിച്ച് നേരിട്ട് വെടിയുതിർക്കുകയായിരുന്നു എന്ന് മൻസൂരി വെളിപ്പെടുത്തി.









0 comments